കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാതെ അറുനൂറിലേറെ കുടുംബങ്ങൾ ദുരിതത്തിൽ. സംഭവം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിൽ വ്യാപകമായ പരാതി ഉയരുകയാണ്.
തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികളോ റോഡുകളുടെ പുനരുദ്ധാരണമോ ഇതുവരെ സാധ്യമായിട്ടില്ല. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ നഷ്ടം നേരിട്ടവർക്കായി 12 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരുന്നത്.
കൃഷിനാശം സംഭവിച്ചവർ, വീടുകൾ പൂർണമായും ഭാഗികമായും തകർന്നവർ എന്നിവർ മാസങ്ങളായി അധികൃതരുടെ വാതിലുകൾ മുട്ടുകയാണ്. പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലം എന്നിവിടങ്ങളിലെല്ലാം പരാതികൾ സമർപ്പിച്ചെങ്കിലും നടപടികൾ ഇഴയുന്നതായാണ് ആക്ഷേപം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ അർഹരായവരുടെ കണക്കുകൾ ജില്ലാ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് വേളയിൽ ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെങ്കിലും തുക അക്കൗണ്ടുകളിൽ എത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും തുക ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ വീണ്ടും വകുപ്പ് തലത്തിൽ റിമൈൻഡർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ദുരിതാശ്വാസ ഫണ്ട് വൈകിയതോടെ പല അടിയന്തര പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഇവർക്കും പ്രതിഫലം ലഭിച്ചിട്ടില്ല.
റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്കായാണ് ഫണ്ട് അനിവാര്യമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

