ഇറ്റലി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്ക് നൽകിയ സമ്മാനം ഓഹരി വിപണിയിൽ കൗതുകകരമായ ചലനങ്ങൾക്ക് വഴിയൊരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി പ്രധാനമന്ത്രി സമ്മാനിച്ചത് ‘മെലഡി’ ചോക്ലേറ്റുകളായിരുന്നു.
സമ്മാനം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ മെലോനി തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ചു. “Thank you for the gift” എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പങ്കുവെച്ചത്.
ഈ വിഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ‘പാർലെ ഇൻഡസ്ട്രീസ്’ എന്ന കമ്പനിയുടെ ഓഹരികളിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.20 വരെ വിപണിയിൽ നഷ്ടത്തിലായിരുന്ന ഈ ഓഹരി, മുൻദിവസത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്നും 4.84 രൂപയിലേക്ക് ഇടിഞ്ഞിരുന്നു.
എന്നാൽ, വിഡിയോ ശ്രദ്ധയിൽപ്പെട്ട നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയതോടെ വില കുത്തനെ ഉയരുകയും 5.25 രൂപയിലെത്തി അപ്പർ-സർക്യൂട്ട് കടക്കുകയും ചെയ്തു.
വിപണിയിലെ ഈ മുന്നേറ്റം ഒരു സാങ്കേതിക ആശയക്കുഴപ്പത്തിന്റെ ഭാഗമാണെന്നതാണ് യാഥാർത്ഥ്യം. പ്രധാനമന്ത്രി സമ്മാനിച്ചത് ‘പാർലെ പ്രോഡക്ട്സ്’ നിർമിക്കുന്ന ചോക്ലേറ്റുകളാണ്.
എന്നാൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘പാർലെ ഇൻഡസ്ട്രീസ്’ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, പേപ്പർ വേസ്റ്റ് റീസൈക്ലിങ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ്. ബിസ്കറ്റ് നിർമാതാക്കളായ പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമില്ല.
പേരിലുള്ള സമാനത നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതാണ് വിപണിയിലെ ഈ അപ്രതീക്ഷിത മാറ്റത്തിന് വഴിവെച്ചത്. തങ്ങളുടെ ഉൽപ്പന്നത്തിന് ആഗോളതലത്തിൽ ലഭിച്ച ശ്രദ്ധയിൽ പാർലെ പ്രോഡക്ട്സ് സന്തോഷം പ്രകടിപ്പിച്ചു.
റോമിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയും മെലോനിയും അത്താഴ വിരുന്നിൽ പങ്കെടുത്തതിനൊപ്പം കൊളോസിയം സന്ദർശിക്കുകയും ചെയ്തിരുന്നു. (നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

