ഫറോക്ക് കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് ഫാത്തിമ ഉമ്മയുടെ നീണ്ട രണ്ട് പതിറ്റാണ്ടത്തെ പ്രാർഥനകൾക്കും കാത്തിരിപ്പിനും അന്ത്യമാകുന്നു.
സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന മകൻ അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകുകയാണ്. വധശിക്ഷയിൽ നിന്ന് നിയമപോരാട്ടങ്ങളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന മകനെ സ്വീകരിക്കാൻ ദിവസങ്ങൾ എണ്ണി കഴിയുകയാണ് ഫാത്തിമ ഉമ്മ.
2006 നവംബർ 28-ന് ഹൗസ് ഡ്രൈവർ വിസയിൽ 26-ാം വയസ്സിലാണ് റഹീം റിയാദിലേക്ക് പുറപ്പെട്ടത്. എന്നാൽ, അവിടെയെത്തി ഒരു മാസം തികയും മുൻപേ, 2006 ഡിസംബർ 24-ന് റഹീം കേസിൽ അകപ്പെടുകയായിരുന്നു.
സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ മരിച്ച സംഭവത്തിൽ പബ്ലിക് റൈറ്റ്സ് കേസിൽ റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഈ ശിക്ഷാ കാലാവധിയാണ് ഇന്ന് പൂർത്തിയാകുന്നത്.
2024 ജൂലൈ രണ്ടിന് റിയാദ് കോടതി റഹീമിനു മേൽ ചുമത്തപ്പെട്ട വധശിക്ഷ റദ്ദാക്കിയിരുന്നു.
നിലവിൽ മോചന ഉത്തരവിനായുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും നിയമ സഹായസമിതിയും. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് റഹീമിനെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും.
ഫൈനൽ എക്സിറ്റ് ഉൾപ്പെടെയുള്ള അന്തിമ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. റഹീമിന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം താൽക്കാലിക പാസ്പോർട്ട് നൽകിയിട്ടുണ്ട്.
സൗദിയിലെ ബലി പെരുന്നാൾ അവധിക്ക് മുൻപ് നാട്ടിലെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നടപടിക്രമങ്ങൾ വൈകിയാൽ പെരുന്നാൾ അവധിക്ക് ശേഷമായിരിക്കും മടക്കം.
ഫാത്തിമ ഉമ്മയുടെ ആറ് മക്കളിൽ ഏറ്റവും ഇളയവനാണ് അബ്ദുൽ റഹീം. മകന്റെ മോചനവാർത്ത നൽകുന്ന ആശ്വാസത്തിനിടയിലും, നേരിൽ കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തിലാണ് മാതാവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

