ചേവായൂർ∙ കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറിയുടെ ചുമർ തുരന്ന് കടന്ന, പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി മഞ്ചേരി നറുകര മുണ്ടുപറമ്പ് വിനീഷി (26)നെ പൊലീസ് പിടികൂടിയത് പരമ്പരാഗത അന്വേഷണ രീതി ഉപയോഗിച്ച്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും നാട്ടിലെ ആരെയും ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ച വിനീഷിനെ മഹാരാഷ്ട്രയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്.
കല്യാണിൽനിന്നു ക്രൈം സ്ക്വാഡ് അംഗങ്ങൾക്ക് ലഭിച്ച വിനീഷിന്റെ ഫോട്ടോ ആണ് നിർണായകമായത്.
ഫോൺ ലൊക്കേഷനോ മറ്റു ശാസ്ത്രീയ തെളിവുകളോ ഇല്ലാത്തതിനാൽ പരമ്പരാഗത രീതിയിലാണ് കേസ് അന്വേഷിച്ചത്. പല സ്ഥലങ്ങളിൽ ഇൻഫോമർമാരെ സംഘടിപ്പിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
കേസിൽ വിചാരണത്തടവുകാരനായി സെൻട്രൽ ജയിലിൽ കഴിയവെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന്ഇയാളെ പല തവണ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഡിസംബർ 29 ന് ആണ് കടന്നു കളഞ്ഞത്.
കഴിഞ്ഞ ഒരു മാസമായി മുംബൈ തുറമുഖത്ത് മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
രക്ഷപ്പെടാൻ അഭിനയം
ജയിൽ ചാടാൻ സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമായ ബ്ലോക്കിലായിരുന്നു വിനീഷിനെ പാർപ്പിച്ചിരുന്നത്. അതിനാൽ, പലകാരണങ്ങൾ പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് വാശിപിടിച്ചു.
അതിനു വേണ്ടിയുള്ള അഭിനയമാണോ മാനസികരോഗിയെ പോലെ പെരുമാറുന്നത് എന്ന് പൊലീസ് സംശയിച്ചു.
ജില്ലയിലെ മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ വിപുലമായ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിലേക്ക് പോയ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എസ്ഐ ഒ.മോഹൻദാസിനെ തിരിച്ചു വിളിച്ച് അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി.
ഡിസിപി പദംസിങ്ങിന്റെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളജ് എസിപി കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് മുംബൈ താനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർ യു.പി.വിപിൻ, മുൻ ഇൻസ്പെക്ടർ ബൈജു കെ.ജോസ്, എസ്ഐമാരായ എം.സി.പവനൻ, ഇ.കെ.ഷാജി, കിരൺ കുമാർ , എഎസ്ഐ ഫിറോസ് പുൽപറമ്പ്, സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ എസ്ഐ അബ്ദുറഹ്മാൻ, എഎസ്ഐമാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, എസ്സിപിഒമാരായ ശ്രീജിത്ത് പടിയത്ത്, ഷാഫി പറമ്പത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം, റഷീദ്, വിഷ്ലാൽ , സ്കൈലേഷ്, പ്രജിത്ത് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
ദൃശ്യ കൊലക്കേസ്
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് ഏലംകുളം എളാട് ചെമ്മാട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) കൊല്ലപ്പെട്ടത്. 2021 ജൂൺ 17 ന് രാവിലെയാണ് വീടിനുളളിൽ അതിക്രൂരമായി കൊല്ലപ്പെട്ട
സംഭവമുണ്ടായത്. പ്ലസ് ടുവിന് കൂടെ പഠിച്ച വിനീഷ് ആയിരുന്നു പ്രതി.
കൊലപാതകത്തിന്റെ തലേന്ന് കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായ, ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ മൊത്ത വ്യാപാരശാല തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ഇത് ചെയ്തതും പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ക്രൂരമായ കൊലപാതകമാണ് നടന്നത്. ദൃശ്യയുടെ ശരീരത്തിൽ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു.
നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

