ഭൂമിയിലെ ഏറ്റവും കഠിനവും വിജനവുമായ സമുദ്രമേഖലകളിൽ ഒന്നായ ദക്ഷിണ സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന നിസ്സാരമായ ഭൗതികമാറ്റങ്ങൾ പോലും അവിടുത്തെ ആവാസവ്യവസ്ഥയുടെ സൂക്ഷ്മ അടിത്തറയെ ആഴത്തിൽ സ്വാധീനിക്കുന്നതായി പഠനം. ഗോവയിലെ നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ പ്രോജക്റ്റ് സയന്റിസ്റ്റ് ഡോ.എ.ശ്രീരാഗും സംഘവുമാണ് ഈ നിർണായക പഠനം നടത്തിയത്.
ഇന്ത്യൻ ശാസ്ത്രീയ ദൗത്യത്തിനിടെ (ഇന്ത്യൻ സയന്റിഫിക് എക്സ്പെഡിഷൻ) ശേഖരിച്ച ജല സാംപിളുകൾ ഉപയോഗിച്ചായിരുന്നു ഗവേഷണം. സമുദ്ര ആഹാരശൃംഖലയുടെ അടിത്തറയും ഓക്സിജൻ ഉൽപാദനത്തിലും കാർബൺ ചക്രത്തിലും നിർണ്ണായക പങ്കുവഹിക്കുന്നതുമായ ‘ഫൈറ്റോപ്ലാങ്ക്ടൺ’ എന്ന സൂക്ഷ്മ സസ്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം പുരോഗമിച്ചത്.
സമുദ്രത്തിലെ ഭൗതിക പ്രക്രിയകൾ ഈ സൂക്ഷ്മജീവികളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിലൂടെ, ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളോട് ദക്ഷിണ സമുദ്രം എങ്ങനെ പ്രതികരിക്കുമെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കടലിലെ വെള്ളത്തിന്റെ കലരൽ, സൂര്യപ്രകാശം, പോഷക ലഭ്യത എന്നിവയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെക്കുറിച്ചാണ് സംഘം പഠനം നടത്തിയതെന്ന് കോഴിക്കോട് നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതുസംബന്ധിച്ച ഗവേഷണപ്രബന്ധങ്ങൾ നാല് പ്രമുഖ രാജ്യാന്തര ശാസ്ത്ര ജേണലുകളിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളി ഭാരതീദാസൻ സർവകലാശാലയിൽ നിന്ന് മറൈൻ സയൻസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഡോ.
ശ്രീരാഗ്, കണ്ണഞ്ചേരി തെരു തിരുമുൻപുനിലം പ്രണവത്തിൽ എ.രമേശന്റെയും പി.കെ. രമയുടെയും മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

