കോഴിക്കോട് ബീച്ചിലെ ഫൂഡ് സ്ട്രീറ്റിൽ ശാസ്ത്രീയമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മലിനജലം പുറത്തേക്ക് ഒഴുകി രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി പരാതി. ഇതിനിടെ, തൊഴിലാളികളിൽ നിന്ന് പണം പിരിച്ച് മോട്ടർ വാങ്ങി വെള്ളം കടലിലേക്ക് തള്ളാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.
ഫൂഡ് സ്ട്രീറ്റിലെ 90 വണ്ടികളിൽ നിന്നുള്ള മലിനജലം ശേഖരിക്കുന്ന പൊതു ടാങ്ക് അടിക്കടി നിറഞ്ഞു കവിയുന്നതാണ് പ്രധാന പ്രശ്നം. നേരത്തെ ചെറിയ തോതിൽ ഉണ്ടായിരുന്ന തട്ടുകടകൾ ഫൂഡ് സ്ട്രീറ്റ് പദ്ധതി വന്നതോടെ ഹോട്ടലുകൾ പോലെ വലുതായി.
ഇതോടെ മലിനജലത്തിന്റെ അളവും കൂടി. എന്നാൽ ടാങ്കിന് വേണ്ടത്ര സംഭരണ ശേഷിയില്ല.
മുൻപ് കോർപറേഷൻ സക്കിങ് മെഷീൻ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തിരുന്നു. ഇപ്പോൾ കൃത്യസമയത്ത് ഇത് ചെയ്യുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.
മാസത്തിൽ ഒരു വണ്ടിക്ക് 2,000 രൂപ വീതം (മൊത്തം 1.80 ലക്ഷം രൂപ) കോർപറേഷൻ പിരിക്കുന്നുണ്ട്. പക്ഷേ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതല്ലാതെ മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരമില്ല.
ടാങ്ക് നിറഞ്ഞ് ദുർഗന്ധം വമിച്ചപ്പോൾ മുൻപ് മോട്ടർ ഉപയോഗിച്ച് വെള്ളം കടലിലേക്ക് പമ്പ് ചെയ്തിരുന്നു. ഇത് വീണ്ടും ചെയ്യാൻ യൂണിയൻ നേതാക്കൾ കച്ചവടക്കാരിൽ നിന്ന് പണം പിരിച്ച് മോട്ടർ വാങ്ങാൻ ശ്രമിക്കുന്നു.
മലിനജലം ബീച്ചിലോ കടലിലോ അഴുക്കുചാലിലോ തള്ളുന്നത് നിയമലംഘനമാണ്. കോർപറേഷൻ ചെയ്യേണ്ട
ജോലി കച്ചവടക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കൂടുതൽ പാചകം നടത്തുന്ന വലിയ കടകളിലാണ് കൂടുതൽ മലിനജലം ഉണ്ടാകുന്നത്.
എന്നിട്ടും എല്ലാവരിൽ നിന്നും ഒരുപോലെ പണം പിരിക്കുന്നത് ശരിയല്ലെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.
ശാസ്ത്രീയമായ ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുക്കി കോർപറേഷൻ തന്നെ പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

