ഭാര്യയെ കൊലപ്പെടുത്തിയതായി പൊലീസ് സ്റ്റേഷനിലെത്തി യുവാവ് കുറ്റസമ്മതം നടത്തിയെങ്കിലും, വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക് ബോധ്യമായത് അത്ഭുതകരമായ മറ്റൊരു സത്യം. മരിച്ചുപോയെന്ന് കരുതപ്പെട്ട
സ്ത്രീ ജീവനോടെയുണ്ടെന്ന വിവരമാണ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചത്. കൊലപാതകശ്രമത്തിന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച അർധരാത്രി കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുതിയങ്ങാടി കോയ റോഡ് ബീച്ച് തൈക്കൂട്ടം പറമ്പിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി സക്കീറിനെ (49) ആണ് വെള്ളയിൽ ഇൻസ്പെക്ടർ എസ്.സുജിത്ത് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 11.20-ഓടെ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ പ്രതി, തന്റെ ഭാര്യ നസിലയെ (48) കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി വെളിപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ മൊഴി അവിശ്വസനീയമായി തോന്നിയെങ്കിലും, പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
തുടർനടപടിയുടെ ഭാഗമായി പൊലീസ് സക്കീറിന്റെ വീട്ടിലെത്തിയപ്പോൾ പരിസരവാസികളും ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. വീടിനുള്ളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് നസില അപ്പോഴും ശ്വാസമെടുക്കുന്നുണ്ടെന്ന് വ്യക്തമായി.
ഉടൻ തന്നെ അവരെ ഗവ. ബീച്ച് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കഴുത്തിന് ഗുരുതരമായി പരുക്കേറ്റെങ്കിലും യുവതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ദമ്പതിമാർ തമ്മിൽ നിലനിന്നിരുന്ന കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

