കോഴിക്കോട് ∙ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ ജില്ലയിലെ ഇടതുമുന്നണി. ജില്ലയിൽ ഉണ്ടായതു കനത്ത തിരിച്ചടിയെന്ന് എൽഡിഎഫ് വിലയിരുത്തൽ.
അതേസമയം, സംസ്ഥാനമാകെ യുഡിഎഫിന് അനുകൂലമായി ഉണ്ടായ തരംഗത്തിലാണ് ജില്ലയിലും തിരിച്ചടിയുണ്ടായതെന്നാണു മുന്നണി വിശദീകരണം. പരാജയം സംബന്ധിച്ചു പ്രാഥമിക വിലയിരുത്തൽ മാത്രമാണു മുന്നണിയിലെ പാർട്ടികളിൽ ഉണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളിൽ വിശദ പഠനത്തിനും ഗൗരവമായ ചർച്ചയ്ക്കും വഴിയൊരുങ്ങും. ആകെയുള്ള 13 മണ്ഡലങ്ങളിൽ ബേപ്പൂർ മാത്രമാണു നിലനിർത്താനായത്.
ജില്ലയിൽ തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമായിരുന്നെങ്കിലും ഇത്ര കനത്ത തോൽവി പ്രതീക്ഷിച്ചില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനമാകെയുണ്ടായ തിരിച്ചടി ബാധിച്ചുവെന്നും ജില്ലയിൽ മാത്രം സവിശേഷമായ തിരിച്ചടി ഉണ്ടായിട്ടില്ലെന്നുമാണു സിപിഎം കേന്ദ്രങ്ങളിലെ പ്രാഥമിക വിലയിരുത്തൽ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു തോൽവി സംബന്ധിച്ചു വിലയിരുത്തൽ നടത്തും.
കോഴിക്കോട് ചെറിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലങ്ങളിൽ തിരിച്ചടി ഒഴിവാക്കാൻ ഇത്തവണ സിപിഎം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
എന്നാൽ, വലിയ ശ്രദ്ധ നൽകിയിട്ടും ഈ മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ ഉയർന്നതു പരിശോധിക്കേണ്ടതുണ്ട്. ഓരോ കമ്മിറ്റികളിൽ നിന്നുമുള്ള കണക്കുകൾ വിശദമായി പഠിച്ച ശേഷമേ സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാകൂ.
സിറ്റിങ് സീറ്റായ നാദാപുരം മണ്ഡലത്തിലെ തോൽവി സംബന്ധിച്ച് സിപിഐ വിലയിരുത്തൽ ഉടനുണ്ടാകും. ഇന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ചേരുന്നുണ്ട്.
നാളെ മുതൽ കീഴ്ഘടകങ്ങൾ യോഗം ചേർന്ന് ജില്ലയിലെ തോൽവി വിലയിരുത്തും. 13 മണ്ഡലങ്ങളിലും കമ്മിറ്റികൾ ചേർന്ന് റിപ്പോർട്ട് ശേഖരിക്കും.
കോഴിക്കോട് സൗത്തിലെ ഇടതുമേഖലകളിൽ നിന്നു ബിജെപിയിലേക്ക് വോട്ട് പോയതായി ഐഎൻഎൽ വിലയിരുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പൊറ്റമ്മൽ, കോവൂർ, നെല്ലിക്കോട് മേഖലകളിൽ നിന്നായി 8000 വോട്ടുകളാണ് ബിജെപിയിലേക്കു പോയത്. അതേസമയം, പന്നിയങ്കരയിൽ ബിജെപി വോട്ട് കുറയുകയും ഇത് യുഡിഎഫിനു ലഭിക്കുകയും ചെയ്തെന്നാണു വിലയിരുത്തൽ.
ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് 12നും വർക്കിങ് കമ്മിറ്റി 13നും ചേരുന്നുണ്ട്.
ഇതിനു ശേഷം വിശദ റിപ്പോർട്ട് തയാറാക്കും. തോൽവി സംബന്ധിച്ച് ആർജെഡി ഇന്നോ നാളെയോ അവലോകന യോഗം നടത്തും.
വടകരയിലുണ്ടായത് അപ്രതീക്ഷിത തോൽവിയാണെന്നും കൂത്തുപറമ്പിൽ മികച്ച പ്രകടനം നടത്തിയതായും പാർട്ടി പ്രാഥമിക വിലയിരുത്തൽ നടത്തിയിട്ടുണ്ട്.
എലത്തൂർ കൈവിട്ടതുമായി ബന്ധപ്പെട്ട് എൻസിപിയിൽ പൊട്ടിത്തെറിയിലേക്കാണു കാര്യങ്ങൾ പോകുന്നത്.
അരനൂറ്റാണ്ടായി എംഎൽഎയും കാൽനൂറ്റാണ്ടായി മന്ത്രിയും ഉണ്ടായിരുന്ന എൻസിപി, എലത്തൂരിലെ തോൽവിയോടെ ജില്ലയിൽ സംപൂജ്യരായി. മന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥാനാർഥിയാകാൻ കാണിച്ച അമിത താൽപര്യം വിനയായെന്നാണു പാർട്ടിയിലെ പ്രാഥമിക വിലയിരുത്തൽ.
ശശീന്ദ്രനല്ലായിരുന്നെങ്കിൽ ബേപ്പൂർ പോലെ എലത്തൂരും എൽഡിഎഫിനു നിലനിർത്താൻ കഴിയുമായിരുന്നു എന്നാണ് എൻസിപി വിലയിരുത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

