ചക്കിട്ടപാറ ∙ പന്നിപ്പനിയെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു പന്നികളെ ഇറക്കുമതി ചെയ്യുന്നത് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ നിരോധിച്ചെങ്കിലും കേരളത്തിലേക്കുള്ള പന്നിവരവു തുടരുന്നു; ജില്ലയിലെ പന്നി ഫാം കർഷകർ പ്രതിസന്ധിയിൽ. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണു കേരളത്തിലേക്ക് പന്നികളെ ഇറക്കുമതി ചെയ്യുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നു കിലോയ്ക്കു 90 രൂപയ്ക്ക് പന്നി ലഭിക്കുന്നതിനാൽ കേരളത്തിലെ പന്നിവിൽപന ഇടിഞ്ഞു ഫാമുകളിലെ വിപണനം മുടങ്ങി.
നിരോധനം ലംഘിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്ന വാഹനം ഒക്ടോബർ 23ന് സംസ്ഥാനത്തെ പന്നി ഫാം ഉടമകൾ തടഞ്ഞതിനു പൊലീസ് കേസെടുക്കുകയും ചെയ്തു. ഫാമിൽ പന്നികളുടെ എണ്ണം വർധിച്ചതോടെ ഇപ്പോൾ ഫാമിനു പുറത്തു പന്നികളെ വളർത്തേണ്ട
സ്ഥിതിയിലാണ് കർഷകർ.
ചെറുകിട ഫാം ഉടമകൾ പോലും പന്നി വിൽപന മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
2025 മാർച്ച് വരെ കിലോയ്ക്ക് 200 രൂപ വരെ ലഭിച്ചിരുന്ന പന്നികൾക്ക് ഇപ്പോൾ 110 രൂപയാണു വില. ഫാമിലെ വർധിച്ച ചെലവ് കാരണം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
എല്ലാ വർഷവും ക്രിസ്മസ്, പുതുവത്സര ദിനങ്ങൾക്കിടെ പന്നികൾ വിറ്റുതീർന്നിരുന്നു. ഇത്തവണ മറിച്ചാണ് അനുഭവമെന്നു കർഷകർ പറയുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നു പന്നികളെ ഇറക്കുമതി ചെയ്യുന്നത് സർക്കാർ പൂർണമായും തടഞ്ഞു സംസ്ഥാനത്തെ പന്നി ഫാം കർഷകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നു ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് തോമസ് അറക്കൽ അധ്യക്ഷത വഹിച്ചു.
ജോസ് ഞാവള്ളി, ടോമി മണ്ണൂർ, ജിൽസൺ ജോസഫ്, കുഞ്ഞുമോൻ ഈറ്റത്തോട്ടം എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

