കോഴിക്കോട് ∙ ശനിയാഴ്ച രാത്രി അന്തരിച്ച കൊയിലാണ്ടി എംഎൽഎ യും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തിൽ ജമീലയ്ക്കു നാടും നഗരവും കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. വൈകിട്ട് അഞ്ചോടെ കുനിയിൽകടവ് ജുമാ മസ്ജിദിലെ കബർ സ്ഥാനിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ കബറടക്കം. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് ചോയികുളത്തെ വീട്ടിലെത്തി റീത്ത് സമർപ്പിച്ചു.
ഭൗതികദേഹം പൊതുദർശനത്തിനു വച്ച സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺഹാളിലും തലക്കുളത്തൂരിലെ മിയാമി കൺവൻഷൻ സെന്ററിലും ചോയികുളത്തെ വീട്ടിലുമെല്ലാം നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ.ബിന്ദു, എം.ബി.രാജേഷ്, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ, സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ.പ്രകാശ്ബാബു, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ എംഎൽഎ, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ, സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി തുടങ്ങിയ ഒട്ടേറെ പ്രമുഖർ കണ്ണൂർ റോഡിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
രാവിലെ 8 നു കുടുംബാംഗങ്ങളും സിപിഎം നേതാക്കളും ചേർന്നാണ് ഭൗതികദേഹം മേയ്ത്ര ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്. തുടർന്ന് അലങ്കരിച്ച പ്രത്യേക കെഎസ്ആർടിസി ബസിൽ എട്ടരയോടെ കണ്ണൂർ റോഡിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ സി.എച്ച്.കണാരൻ മന്ദിരത്തിലെത്തിച്ചു. 9.45 ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര കൊയിലാണ്ടിയിലേക്കു പുറപ്പെട്ടു. കൊയിലാണ്ടി ടൗൺഹാളിൽ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി വീണാ ജോർജ്, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
ആദരാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി
കോഴിക്കോട് ∙ ത്രിതല പഞ്ചായത്തുകളിൽ മൂന്നിലും അധ്യക്ഷ സ്ഥാനം വഹിച്ച കാനത്തിൽ ജമീല എംഎൽഎ വിടവാങ്ങുന്നത് മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ.
തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ശേഷമാണ് കാനത്തിൽ ജമീല നിയമസഭാംഗമായത്. രണ്ടാം തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിക്കവെയാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടി നിയോഗിക്കുന്നത്.
മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചിട്ടുള്ള കാനത്തിൽ ജമീല നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. 29–ാം വയസ്സിൽ അപ്രതീക്ഷിതമായി തലക്കുളത്തൂർ പഞ്ചായത്തിലേക്ക് മത്സരിച്ച അവർ പിന്നീട് പഞ്ചായത്ത് പ്രസിഡന്റായി.
പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് അവിടെയും തുടർന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് അവിടെയും അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്തവും ജനകീയവുമായ പദ്ധതികൾ ആവിഷ്കരിച്ച് ശ്രദ്ധേയയായിരുന്നു കാനത്തിൽ ജമീല.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി തലക്കുളത്തൂർ പഞ്ചായത്തിൽ അവർ ആരംഭിച്ച ‘സ്പർശം’ പദ്ധതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ‘സ്നേഹ സ്പർശം’ എന്ന പേരിൽ ജില്ല മുഴുവൻ വ്യാപിപ്പിച്ചു. താഴേ തട്ടിൽ നിന്നു പടിപടിയായി കയറിവന്ന് ജനകീയ നേതാവായി മാറിയ കാനത്തിൽ ജമീലയെ അവസാനമായി ഒരു നോക്ക് കാണാൻ ഭൗതികദേഹം പൊതു ദർശനത്തിനു വച്ചിടങ്ങളിലെല്ലാം നൂറുകണക്കിനാളുകളാണ് എത്തിയത്.
സിപിഎം നേതാക്കളായ എളമരം കരീം, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, എം.വി.ജയരാജൻ, എം.മെഹബൂബ്, സി.എസ്.സുജാത, പി.മോഹനൻ, കെ.കെ.സലീഖ, സൂസൻ കോടി, കെ.കെ.ലതിക, വി.വസീഫ്, ടി.വി.രാജേഷ്, സി.പി.മുസാഫർ അഹമ്മദ്, വി.കെ.സി. മമ്മദ്കോയ, പുരുഷൻ കടലുണ്ടി, പി.പി.ദിവ്യ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, കോൺഗ്രസ് നേതാക്കളായ കെ.പ്രവീൺ കുമാർ, കെ.ജയന്ത്, എൻ.സുബ്രഹ്മണ്യൻ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മനയത്ത് ചന്ദ്രൻ, വി.കുഞ്ഞാലി, ആർജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരൻ, എൻസിപി സംസ്ഥാന സെക്രട്ടറി എം.പി.സൂര്യനാരായണൻ, എംഎൽഎമാരായ ഇ.കെ.വിജയൻ, എം.രാജഗോപാൽ, പി.കെ.ബഷീർ, സി.എച്ച്.കുഞ്ഞമ്പു, പി.ടി.എ.റഹീം, കെ.പി.കുഞ്ഞഹമ്മദ്കുട്ടി, എച്ച്.സലാം, എം.വിജിൻ, കെ.വി.സുമേഷ്, കെ.ശാന്തകുമാരി, ജെ.ദലീമ, പി.പി.ചിത്തരഞ്ജൻ, ലിന്റോ ജോസഫ്, കെ.എം.സച്ചിൻദേവ് എന്നിവരും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
കെ.കെ.രമ എംഎൽഎ, മുൻ എംഎൽഎമാരായ പി.വിശ്വൻ, കെ.ദാസൻ എന്നിവർ കൊയിലാണ്ടി ടൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു. എംഎൽഎമാരായ കെ.ടി.ജലീൽ, അഹമ്മദ് ദേവർകോവിൽ, ആബിദ് ഹുസൈൻ തങ്ങൾ, സി.കെ.ആശ, യു.പ്രതിഭ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ.സുബൈർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, കോൺഗ്രസ് നേതാവ് കെ.സി.അബു, ഒഡേപെക് ചെയർമാൻ കെ.പി.അനിൽകുമാർ, ഹുസൈൻ മടവൂർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിമാരായ കെ.എം.അഭിജിത്ത്, അബിൻ വർക്കി തുടങ്ങി ഒട്ടേറെ പ്രമുഖർ തലക്കുളത്തൂരിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

