കൂരാച്ചുണ്ട് ∙ മലയോരത്തെ 50 വർഷത്തിലേറെ പഴക്കമുള്ള 5, 9 വാർഡുകളിലൂടെയുള്ള മണ്ടോപ്പാറ – അകമ്പടിപ്പാറ– കല്ലാനോട് റോഡിനെ അധികൃതർ അവഗണിക്കുന്നതിനാൽ ജനങ്ങളുടെ യാത്രാദുരിതം തുടരുന്നു. കാളങ്ങാലി– ഓട്ടപ്പാലം– കല്ലാനോട് റോഡിന്റെ ഭാഗമാണ് ഈ റൂട്ട്.
2018ൽ കേന്ദ്ര സർക്കാരിന്റെ സാഗി പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തിയെങ്കിലും ജലസേചന വകുപ്പിന്റെ അധീനതയിലുള്ള മണ്ടോപ്പാറ മേഖലയിലെ പാത വിട്ടു കിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സമായത്.
കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള 2.750 കിലോമീറ്റർ ഭാഗം ഈ പദ്ധതിയിൽ പൂർത്തീകരിച്ചു. കല്ലാനോട് നിന്നും അകമ്പടിപ്പാറ വരെ മേഖല ടാറിങ് വർഷങ്ങൾക്ക് മുൻപു നടത്തിയതാണ്.
മണ്ടോപ്പാറ മുതൽ അകമ്പടിപ്പാറ വരെ 1.250 കിലോമീറ്റർ ദൂരത്തിൽ വാഹന യാത്ര ദുരിതമാണ്. മൺ റോഡുള്ള ഭാഗത്ത് മഴയത്ത് ചെളിക്കുളമാകുന്നതോടെ ഗതാഗതം മുടങ്ങും.
ബാക്കിയുള്ള മേഖലയിൽ സോളിങ് ചെയ്ത കല്ലുകൾ ഇളകി നശിച്ച നിലയിലാണ്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
വിദ്യാർഥികൾ ഉൾപ്പെടെ കാൽനട യാത്രയ്ക്ക് ബുദ്ധിമുട്ടുകയാണ്.
പെരുവണ്ണാമൂഴി, ചക്കിട്ടപാറ മേഖലയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കൂരാച്ചുണ്ട് ടൗൺ ഒഴിവാക്കി ഒരു കിലോമീറ്റർ ദൂരക്കുറവിൽ കല്ലാനോട് എത്തിച്ചേരാൻ ഈ റോഡ് സഹായകമാകും. കക്കയം, കരിയാത്തുംപാറ, തേണിക്കടവ്, പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ബൈപാസ് റൂട്ടാണിത്.
പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ തീരത്തു കൂടിയുള്ള പാതയിൽ പ്രകൃതി ഭംഗി ആസ്വദിച്ച് സഞ്ചരിക്കാൻ സാധിക്കുന്നതും ടൂറിസ്റ്റുകൾക്ക് ആകർഷകമാക്കും. സർക്കാർ, ത്രിതല പഞ്ചായത്തുകളിൽ നിന്നും ഫണ്ട് അനുവദിച്ച് റോഡ് പൂർത്തീകരിച്ചാൽ ടൂറിസം രംഗത്ത് വൻമുന്നേറ്റമാകുമെന്നു ജനങ്ങൾ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ റോഡ് വികസനം സജീവ ചർച്ചയായി മാറുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

