കോട്ടയം ∙ അഭിഭാഷക ജോലിയിൽനിന്നു വഴിമാറിയാണു കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് ചെറുപ്പത്തിൽ രാഷ്ട്രീയത്തിലെത്തിയത്. വഴിമാറിയും മുന്നണിമാറിയും നടന്നപ്പോഴും എന്നും കർഷകപക്ഷത്തു നിൽക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതും പരിശ്രമിച്ചതും. പിതാവും പ്രഗല്ഭ രാഷ്ട്രീയ നേതാവുമായ പി.ടി.ചാക്കോയെപ്പോലെ കർഷകരെ ഹൃദയപക്ഷത്തു നിർത്തിയുള്ള ആ യാത്രയ്ക്ക് ഇന്ന് 75 വയസ്സ്.
തോമസിനു 13 വയസ്സുള്ളപ്പോഴാണു പിതാവിനെ നഷ്ടമായത്. പിതാവിനു വേണ്ടി ആയിരങ്ങൾ ആർത്തുവിളിക്കുന്നതു കണ്ടിട്ടുള്ള പി.സി.തോമസിനു ജനങ്ങളുടെ പ്രശ്നങ്ങൾ നീറുന്ന വിഷയങ്ങളായി.
മണ്ഡലത്തിലെ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പാർലമെന്റിലെ ചട്ടങ്ങൾ തടസ്സമായില്ല.
റബർ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഒരിക്കൽ സ്യൂട്ട്കേസിൽ റബർ ഷീറ്റ് ഒളിപ്പിച്ച് പാർലമെന്റിൽ കൊണ്ടുചെന്നു. റബർ ഷീറ്റ് ശരീരത്തിൽ ചുറ്റി പാർലമെന്റിനു മുന്നിൽ പ്രദക്ഷിണം നടത്തി.
രാജ്യത്തിന്റെ ശ്രദ്ധ റബറിലേക്കും കർഷകരിലേക്കും ആകർഷിച്ചു. ശബരി റെയിൽ വിഷയത്തിലേക്കു ശ്രദ്ധ ക്ഷണിക്കാൻ മനുഷ്യട്രെയിൻ അവതരിപ്പിച്ചു.
അഭിഭാഷകനായിരുന്നതിന്റെ മെച്ചം പാർലമെന്റിലെ വാദമുഖങ്ങളിലും തെളിഞ്ഞു.
കഴക്കൂട്ടം സൈനിക സ്കൂളിൽ മികച്ച വിദ്യാർഥിക്കുള്ള സ്കോളർഷിപ് നേടി പഠിച്ച പുള്ളോലിൽ ചാക്കോ തോമസ് എന്ന പി.സി.തോമസ് മികച്ച അഭിഭാഷകനായി കോട്ടയത്തും തൊടുപുഴയിലും പേരെടുത്തു നിൽക്കുമ്പോഴാണ് അവിചാരിതമായി രാഷ്ട്രീയത്തിലേക്കു വന്നത്. കേരള കോൺഗ്രസിന്റെ (എം) സ്ഥാനാർഥി അന്വേഷണം എത്തിയത് പി.സി.തോമസിലാണ്.
പിതാവിന്റെ മണ്ഡലമായ വാഴൂരിൽ 1987ൽ കന്നി അങ്കത്തിൽ പക്ഷേ, പരാജയം രുചിച്ചു. കാനം രാജേന്ദ്രനാണ് അന്നു ജയിച്ചത്.
എന്നാൽ രണ്ടുവർഷം കഴിഞ്ഞു മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നു വിജയിച്ചു. പിന്നീട് 20 വർഷം എംപിയായി തുടർന്നു.
2001ൽ കെ.എം.മാണിയുമായി പിരിഞ്ഞ് ഐഎഫ്ഡിപി എന്ന പാർട്ടിയുണ്ടാക്കി, എൻഡിഎയിലെത്തി.
2003–04ൽ വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര നിയമ, നീതികാര്യ സഹമന്ത്രിയായി. 2004ൽ ഐഎഫ്ഡിപി സ്ഥാനാർഥിയായി മൂവാറ്റുപുഴയിൽ നിന്നു ജയിച്ചു.
കേരളത്തിലെ ആദ്യ എൻഡിഎ എംപിയായി. ജോസ് കെ.മാണിയും പി.എം.ഇസ്മായിലുമായിരുന്നു അന്ന് എതിർ സ്ഥാനാർഥികൾ. മതം ഉപയോഗിച്ചു ചട്ടവിരുദ്ധമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ പി.സി.തോമസിന്റെ വിജയം 2006ൽ ഹൈക്കോടതി റദ്ദാക്കി.
ഇൗ വിധി 2009ൽ സുപ്രീം കോടതി ശരിവച്ചു. 2010ൽ മൂന്നു വർഷത്തേക്കു മത്സരങ്ങളിൽ നിന്ന് അയോഗ്യനാക്കി.
പി.സി.തോമസ് വിഭാഗം 2009ൽ പി.ജെ ജോസഫ് വിഭാഗവുമായി ലയിച്ചു. ജോസഫ് കേരള കോൺഗ്രസിൽ (എം) ലയിച്ച് യുഡിഎഫിലേക്കു പോയപ്പോൾ തോമസ് ഒപ്പം പോയില്ല. കേരള കോൺഗ്രസ് ലയനവിരുദ്ധ വിഭാഗമുണ്ടാക്കി എൽഡിഎഫിൽ നിന്നു.
പിന്നീട് 2016ൽ എൻഡിഎയിൽ തിരിച്ചെത്തി. 2019ൽ കോട്ടയത്തു നിന്നു ലോക്സഭയിലേക്കു വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2021ൽ പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് പി.സി.തോമസിന്റെ പാർട്ടിയിൽ ലയിച്ചു.
പി.സി.തോമസ് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനായി. ഇപ്പോൾ വീണ്ടും അഡ്വക്കേറ്റായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടിസ് ചെയ്യുന്നു. എറണാകുളത്താണു താമസം.
ഭാര്യ: മേരിക്കുട്ടി തോമസ്. മക്കൾ: പി.ടി.ചാക്കോ (ബാങ്ക് ഉദ്യോഗസ്ഥൻ, ദോഹ), മരിയ (എൻജിനീയർ, ബെംഗളൂരു), പരേതനായ ജിത്തു.
പി.സി.തോമസ്: ജീവിതരേഖ
ജനനം: 1950 ഒക്ടോബർ 31
സ്വദേശം: കോട്ടയം ചാമംപതാൽ
നിയമസഭയിലേക്ക് ആദ്യ മത്സരം: 1987ൽ വാഴൂരിൽ
ലോക്സഭയിലേക്ക് ആദ്യ മത്സരം: 1989ൽ മൂവാറ്റുപുഴയിൽ.
ലോക്സഭയിലേക്ക് 6 ജയം (മൂവാറ്റുപുഴ)
20 വർഷം പാർലമെന്റ് അംഗം
2003–04: വാജ്പേയ് മന്ത്രിസഭയിൽ കേന്ദ്ര നിയമ, നീതികാര്യ സഹമന്ത്രി
2021: കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ
“ദൈവം വലിയ അനുഗ്രഹം തന്നു. വക്കീൽ ജോലിയിൽനിന്നു മാറാൻ ആദ്യം മടിയായിരുന്നെങ്കിലും പിന്നീടു പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരുപാടു പേരെ സഹായിക്കാൻ സാധിച്ചു.
കർഷകരുടെ പ്രശ്നങ്ങൾ എന്നും ഉന്നയിക്കാൻ ശ്രമിച്ചു. സാമ്പത്തികഞെരുക്കം മൂലമാണു വീണ്ടും വക്കീൽ കുപ്പായമണിഞ്ഞത്.”
പി.സി.തോമസ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

