ക്രിക്കറ്റ് ലോകത്ത് ‘യൂണിവേഴ്സ് ബോസ്’ എന്ന വിശേഷണത്തോടെ ആരാധകരുടെ മനംകവർന്ന വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയ്ൽ കോട്ടയം പുതുപ്പള്ളിയിൽ എത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയും മെന്ററുമായ താരം, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന അർപ്പിക്കുന്നതിനാണ് എത്തിയത്.
ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ താരം, ഞായറാഴ്ച ഉച്ചയോടെയാണ് ഹെലികോപ്റ്റർ മാർഗം കോട്ടയത്തേക്ക് തിരിച്ചത്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ കാരണം യാത്ര നിശ്ചയിച്ച സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകി.
ഉച്ചയ്ക്ക് 12.25 ഓടെ പാമ്പാടി ആർഐടി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തപ്പോൾ വൻ ജനാവലിയാണ് താരത്തെ സ്വീകരിക്കാൻ കാത്തുനിന്നത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, ഡോ.
മറിയ ഉമ്മൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ഡ്രൈവ് ചെയ്ത വാഹനത്തിലാണ് ക്രിസ് ഗെയ്ല് പുതുപ്പള്ളി പള്ളിയിലേക്ക് പോയത്.
അവിടെയെത്തിയ താരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു. കല്ലറയ്ക്ക് മുന്നിൽ കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
പിന്നീട് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ സ്വീകരണ വേദിയിലേക്ക് താരം എത്തി. ഗെയ്ലിനെ ഒരുനോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്.
ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെ ചടങ്ങുകൾ ചുരുങ്ങിയ സമയംകൊണ്ട് അവസാനിപ്പിച്ചു. വേദിയിൽ വെച്ച് ‘വെന്നിമല സാംസ്കാരിക കേന്ദ്രം’ പ്രഖ്യാപനം ക്രിസ് ഗെയ്ൽ നിർവഹിച്ചു.
തിരക്ക് കാരണം ഏകദേശം രണ്ട് മിനിറ്റിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കേണ്ടി വന്നു. തുടർന്ന് പുതുപ്പള്ളിയുടെ കായിക രംഗത്തിന് പുത്തൻ ഉണർവേകുന്ന നിർദിഷ്ട
രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന മൈതാനവും താരം സന്ദർശിച്ചു. പ്രദേശത്തെ കായിക വികസന സാധ്യതകൾ വിലയിരുത്തിയ ശേഷം, ഉച്ചകഴിഞ്ഞ് 2.10 ഓടെ ആർഐടി കോളജ് ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

