കോട്ടയം ∙ നാട്ടിൽനിന്നു പിടികൂടിയ പാമ്പുകളെ കാട്ടിൽ തുറന്നു വിടാനെത്തിയപ്പോൾ കാട്ടാനകളുടെ മുന്നിൽ കുടുങ്ങിയ കഥ പറയാനുണ്ട് സർപ്പ ഫെസിലിറ്റേറ്റർമാർക്ക്. പാമ്പുകളെ പിടികൂടിയ ശേഷം സംരക്ഷിക്കേണ്ടതും കാട്ടിൽ തുറന്നുവിടേണ്ടതുമായ ഉത്തരവാദിത്വം വനംവകുപ്പിനു കീഴിലുള്ള സർപ്പ പദ്ധതിയുടെ ജില്ലാ ഫെസിലിറ്റേറ്റർമാർക്കാണ്.
പാമ്പുകളെ സംരക്ഷിക്കുകയും തുറന്നുവിടാനായി അതിരാവിലെ കാട്ടിലെത്തുകയും തുറന്നുവിട്ട പാമ്പുകളുടെ കടിയേൽക്കാതെ തിരിച്ചെത്തുകയും വേണം.
വനംവകുപ്പിന്റെ അതീവ സംരക്ഷിത പട്ടികയിലുള്ള പാമ്പുകളെ പാറമ്പുഴ സർപ്പ റെസ്ക്യു സെന്ററിലാണ് സംരക്ഷിക്കുന്നത്.
രണ്ടാഴ്ച കൂടുമ്പോഴാണ് പാമ്പുകളെ വനത്തിൽ തുറന്നു വിടുന്നത്. രണ്ടാഴ്ചയ്ക്കിടെ പിടികൂടിയ മൂർഖൻ, പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ 200 ലീറ്റർ വെള്ളം സംഭരിക്കുന്ന വീപ്പക്കുള്ളിലാണ് സൂക്ഷിക്കുന്നത്.
വീപ്പകളിൽ സുഷിരമിട്ട് വായുസഞ്ചാരം ഉറപ്പാക്കി. രാവിലെയും വൈകിട്ടും ആരോഗ്യനില പരിശോധിക്കും.
ചൂട് കൂടുതലായതിനാൽ രാവിലെയും വൈകിട്ടും വീപ്പ വെള്ളം പമ്പ് ചെയ്ത് തണുപ്പിക്കും. ഒരു പാമ്പിന്റെ മുകളിൽ മറ്റു പാമ്പുകൾ കയറിക്കിടക്കുന്നത് പാമ്പുകൾക്കു സമ്മർദമുണ്ടാക്കുമെന്നതിനാൽ ആ സാഹചര്യം ഒഴിവാക്കും.
വലിയ പെരുമ്പാമ്പുകളെ ചാക്കിലാണ് സൂക്ഷിക്കുന്നത്.
രണ്ടാഴ്ച കൂടുമ്പോൾ ഇവിടെ സൂക്ഷിച്ചിരിക്കുന്ന പാമ്പുകളുമായി സർപ്പ സ്നേക്ക് റെസ്ക്യൂ ജില്ലാ ഫെസിലിറ്റേറ്റർ കെ.എ.അബിഷും 2 വൊളന്റിയർമാരും കൊടുംവനത്തിനുള്ളിലേക്ക് കടക്കും. പുലർച്ചെ 5.30 മുൻപ് വനത്തിലെത്തും.
വനത്തിനുള്ളിലെ തോടുകളോട് ചേർന്നുള്ള ഭാഗത്താണ് വീപ്പ തുറന്ന് പാമ്പുകളെ പുറത്തുവിടുന്നത്. വീപ്പകളിൽ പ്രത്യേക രീതിയിൽ കയർ കെട്ടിയിട്ടുണ്ട്.
തുറന്നു വിടുന്ന സമയത്ത് വീപ്പ നിയന്ത്രിക്കാൻ ഈ കയറാണ് ഉപയോഗിക്കുന്നത്. ഈ സമയത്ത് മറ്റു വന്യമൃഗങ്ങളുടെ ശല്യം ഇല്ലെന്നു ഉറപ്പാക്കണം.
പാമ്പിനെ ഏറ്റെടുക്കാൻ വൈദ്യപരിശോധന
വീട്ടിലെത്തുന്ന പാമ്പുകളെ ചിലർ സ്വയം പിടിച്ച് സൂക്ഷിക്കും.
പിടികൂടിയതിനെ സർപ്പ വൊളന്റിയർമാർക്ക് നൽകാമെന്ന് പറഞ്ഞാണ് ചിലരുടെ വിളി. ഇങ്ങനെ ലഭിക്കുന്ന പാമ്പുകളുടെ വൈദ്യപരിശോധന നടത്തി മാത്രമേ വൊളന്റിയർമാർ ഏറ്റെടുക്കൂ.
സംരക്ഷിത പട്ടികയിലുള്ള പാമ്പുകളെ വീടുകളിൽ സ്വയം പിടികൂടി പാമ്പിന് പരുക്കേറ്റതായി കണ്ടാൽ നിയമനടപടി നേരിടേണ്ടി വരും.
ജില്ലയിൽ സർപ്പ വൊളന്റിയർമാർ 43
43 സർപ്പ വൊളന്റിയർമാരാണ് ജില്ലയിലുള്ളത്. പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയർമാരിൽ പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരുമുണ്ട്.
ഇവരുടെ ജോലിക്കിടയിൽ കോളുകൾ എത്തിയാലും സേവനം നൽകും. ചില വീടുകളിൽ ചെല്ലുമ്പോൾ 5 മിനിറ്റ് വൈകിയെന്നു പറഞ്ഞ് വഴക്കുണ്ടാക്കിയവരും മദ്യലഹരിയിൽ മോശമായി പെരുമാറിയവരുമുണ്ട്.
പാമ്പുകളെ പിടികൂടുന്നതിനു പ്രത്യേക ഉപകരണങ്ങളും കടിയേൽക്കാതിരിക്കാനുള്ള ഷൂസ്, പാന്റ്, ടീഷർട്ട് എന്നിവ വനംവകുപ്പ് നൽകിയിട്ടുണ്ട്.
സേവനം 20 മിനിറ്റിൽ
ദിവസം 90 ഫോൺ കോളുകളാണ് സർപ്പ റെസ്ക്യു സെന്ററിൽ ലഭിക്കുന്നത്. ഓരോ നമ്പറിലേക്കും തിരികെ വിളിച്ച് വിവരങ്ങൾ തേടും.
ചിത്രവും ആവശ്യപ്പെടും. വീടിനുള്ളിലും വീടിന്റെ പരിസരത്തുമാണ് പാമ്പ് ഉള്ളതെങ്കിൽ 20 മിനിറ്റിൽ ഏറ്റവും അടുത്തുള്ള സർപ്പ വൊളന്റിയറെ അയയ്ക്കും.
ചിലർ തോട്ടിലും ചതുപ്പിലും പാമ്പിനെക്കണ്ടു എന്ന് പറഞ്ഞ് വിളിക്കും.
തിരികെ വിളിക്കുമ്പോൾ പാമ്പിനെ കാണാനില്ലെന്നു പറയും. ഇത്തരം കേസുകളിൽ വീണ്ടും പാമ്പിനെക്കണ്ടാൽ അറിയിക്കുകയെന്നു വിളിക്കുന്നവരോട് പറയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

