വേമ്പനാട്ട് കായലിലെ ജലഗതാഗതത്തെ ആശ്രയിക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ യാത്രക്കാർ വലിയ ആശങ്കയിൽ. കാലവർഷം എത്തുന്നതിന് മുൻപായി വൈക്കം– തവണക്കടവ് ജലപാത ആഴം കൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇരു ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന മാർഗമാണിത്. സമീപദിവസം ഇന്ധനം തീർന്ന് നിയന്ത്രണം നഷ്ടപ്പെട്ട
ജങ്കാർ ജലപാതയിലെ മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറിയത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 3.20-ന് മണൽ നിറച്ച അഞ്ച് ടിപ്പർ ലോറികളുമായി വൈക്കം ജെട്ടിയിൽ നിന്ന് തിരിച്ച ജങ്കാർ, 75 മീറ്റർ പിന്നിട്ടപ്പോഴേക്കും മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നു.
കായലിലെ ശക്തമായ കാറ്റും മഴയും യാത്രക്കാരെ ഏറെ പരിഭ്രാന്തരാക്കി. മറ്റൊരു ബോട്ട് എത്തിയാണ് യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിച്ചത്.
28 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഞായർ രാത്രി 8 മണിയോടെ മാത്രമാണ് ജങ്കാർ തീരത്ത് അടുപ്പിക്കാൻ സാധിച്ചത്.
സ്വന്തം വാഹനങ്ങൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജങ്കാർ കുടുങ്ങിയ മണിക്കൂറുകളിൽ ഉടമകൾക്ക് ജെട്ടിയിൽ കാത്തിരിക്കേണ്ടി വന്നു. ജലപാതയിലെ മണൽത്തിട്ടകൾ ഗതാഗതത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ സർവീസ് നടത്തുന്ന യാത്ര ബോട്ടുകളുടെ അടിവശം ഇടയ്ക്കിടെ മണൽത്തിട്ടയിൽ തട്ടി യന്ത്രത്തകരാറുകൾ സംഭവിക്കുന്നത് പതിവാണ്. കൂടാതെ, ജലപാത തിരിച്ചറിയാൻ സ്ഥാപിച്ചിരുന്ന പല ബോയകളും ഇപ്പോൾ ശരിയായ സ്ഥാനത്തല്ല ഉള്ളത്.
രാത്രികാലങ്ങളിൽ ഇവ കണ്ടെത്തുക അസാധ്യമാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം സംബന്ധിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ബന്ധപ്പെട്ട
വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. അടിയന്തരമായി ജലപാത ആഴം കൂട്ടിയില്ലെങ്കിൽ വൻ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.സുരേഷ് ബാബു വ്യക്തമാക്കി.
കാലവർഷം കനക്കും മുൻപ് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

