കോട്ടയം ∙ കോട്ടയം–കൊച്ചി ദേശീയപാത ഇടനാഴിക്കുള്ള പഠനം കേന്ദ്ര ഗതാഗത മന്ത്രാലയം നേരിട്ടു നടത്തും. ഇന്നലെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കെ.ഫ്രാൻസിസ് ജോർജ് എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം അറിയിച്ചത്.
ദേശീയപാത 183നെയും ദേശീയപാത 66നെയും ബന്ധിപ്പിച്ചാണ് ഈ റോഡ് വിഭാവനം ചെയ്യുന്നത്. രണ്ടു ദേശീയപാതകളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇടനാഴി എന്നറിയപ്പെടുന്നത്.
ദേശീയപാത 183ൽ കോട്ടയം മുളങ്കുഴ ജംക്ഷനിൽനിന്ന് ആരംഭിക്കുന്ന ഇടനാഴി തൃപ്പൂണിത്തുറയിൽ അങ്കമാലി– കുണ്ടന്നൂർ ബൈപാസിൽ അവസാനിക്കുന്ന വിധമാണ് നിർദേശിക്കപ്പെടുന്നത്. 60 കിലോമീറ്ററാണ് നീളം.
കോട്ടയം–കാഞ്ഞിരം– കുമരകം–കവണാറ്റിൻകര– കൈപ്പുഴമുട്ട്– തലയാഴം– വല്ലകം– കാട്ടിക്കുന്ന്– പൂത്തോട്ട– നടക്കാവ് വഴി തൃപ്പൂണിത്തുറയിലേക്ക് പൂർണമായും പുതിയ റോഡാണ് നിർദേശിച്ചിരിക്കുന്നത്.
ഇതിൽ പാടശേഖരങ്ങളിലും മറ്റു തണ്ണീർത്തടങ്ങളിലും ഉയരപ്പാതയാണ് നിർമിക്കുക. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട
ജില്ലകൾക്കു പ്രയോജനപ്പെടുന്ന റോഡ് മധ്യകേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായ മേഖലയ്ക്കും സഹായമാകും. കോട്ടയത്തുനിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താനും സഹായിക്കും.
കേന്ദ്ര സംഘം ഉടൻ തന്നെ പഠനം ആരംഭിക്കുമെന്നും എംപി അറിയിച്ചു.
ദേശീയപാത 183 നവീകരണം: പഠനം ഉടൻ
കോട്ടയത്തിന് പുതുവർഷ സമ്മാനമായി ദേശീയപാത 183ന്റെ നവീകരണത്തിനായുള്ള പഠനവും ആരംഭിക്കും. ദേശീയപാത 183ന്റെ ചെങ്ങന്നൂർ – മുണ്ടക്കയം റീച്ച് നവീകരിക്കുന്നതിനു പുതിയ കൺസൽറ്റൻസിയെ നിയോഗിച്ചു.
ജനുവരിയിൽ പുതിയ ഏജൻസി പഠനം ആരംഭിക്കും.
ചെങ്ങന്നൂർ– കോട്ടയം ഐഡ ജംക്ഷൻ, ഐഡ ജംക്ഷൻ– ചെങ്കൽപ്പള്ളി, ചെങ്കൽപ്പള്ളി– മുണ്ടക്കയം എന്നിങ്ങനെ 3 റീച്ചായി 100 കിലോമീറ്റർ ദൂരം നവീകരിക്കുന്നതിനുള്ള പഠനമാണ് നടത്തുന്നത്. കൃത്യസമയത്തു പഠനം പൂർത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി നാഷനൽ ഹൈവേ അതോറിറ്റി നേരത്തെ നിയോഗിച്ച ഏജൻസിയെ പുറത്താക്കിയിരുന്നു.
തുടർന്നാണ് പുതിയ ഏജൻസിക്കായി കരാർ ക്ഷണിച്ചത്. ഒരു ഏജൻസി മാത്രമാണ് ടെൻഡർ നൽകിയത്.
ഈ ഏജൻസിയെ ഉറപ്പിക്കുകയായിരുന്നു.
കോട്ടയം – മുളങ്കുഴയിൽനിന്ന് പാമ്പാടി മണ്ണാത്തിപ്പാറ വരെയുള്ള നിർദിഷ്ട ബൈപാസ് അടക്കം വീണ്ടും പഠനവിധേയമാക്കും.
പുതിയ കൺസൽറ്റൻസി നടത്തുന്ന പഠനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അനിശ്ചിതമായി നീണ്ടുപോകില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

