സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലെ ആയുഷ് മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിൽ ആവശ്യാനുസരണം ജീവനക്കാരെ നിയമിക്കണമെന്നാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി അടുത്തയാഴ്ച നിർണായക ചർച്ച നടത്തും.
പരമാവധി നിയമനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, സർക്കാർ ആശുപത്രികളിൽ റോബട്ടിക് ചികിത്സ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ നടപ്പിലാക്കുമെന്നും, കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ഓട്ടോപ്സിക്കുള്ള സംവിധാനം സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഹെൽത്ത് ഗ്രാന്റിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചുള്ള മെയിൻ സെന്ററായ ആയുഷ് മാൻ ആരോഗ്യ മന്ദിർ യാഥാർത്ഥ്യമാക്കിയത്. പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനും, ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കേന്ദ്രം ഏറെ ഉപകാരപ്രദമാകും.
ഒപി സേവനങ്ങൾ, പ്രതിരോധ കുത്തിവയ്പ്, നവജാത ശിശു ആരോഗ്യ സംരക്ഷണം, ഗർഭധാരണവുമായി ബന്ധപ്പെട്ട ചികിത്സ, സൗജന്യ മരുന്ന്, സൗജന്യ ലാബ് ഡയഗ്നോസ്റ്റിക്, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം, വയോധികർക്കുള്ള സാന്ത്വന പരിചരണം, മാനസിക ആരോഗ്യം, സാംക്രമിക – സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവൽക്കരണ ക്ലാസുകൾ, ഇ- സഞ്ജീവനി, ടെലി കൺസൽട്ടേഷൻ, വിഷയാധിഷ്ഠിത ക്ലിനിക്, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ സ്ക്രീനിങ് തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
ചടങ്ങിൽ മാണി.സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്, കടനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി സാബു, സ്നേഹ തോമസ്, പഞ്ചായത്തംഗങ്ങളായ ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യു, ഉഷ രാജു, റിജോ തോമസ്, പി.ഡി.സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ, വി.ജി.സോമൻ, തങ്കച്ചൻ കുന്നുംപുറം, എസ്.ജ്യോതിലക്ഷ്മി, കടനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.എസ്.പ്രീത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

