മുണ്ടക്കയം ∙ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടിയത് സിനിമ സ്റ്റൈലിൽ. അതിഥി റോളിൽ എത്തിയ നാട്ടുകാരും ‘മിഷനി’ൽ പങ്കെടുത്തു താരങ്ങളായി.
തമിഴ്നാട് ലക്ഷ്യമാക്കിയുള്ള യാത്രയുടെ ക്ലൈമാക്സിൽ പ്രതികളെ റോഡിൽ കുരുക്കിയതിനു ഗൂഗിൾ മാപ്പിനും പങ്ക്. 4 മണിക്കൂർ നീണ്ട
ഓപ്പറേഷന് ഒടുവിലാണു പ്രതികളെ പൊലീസ് പിടികൂടിയത്. കൊല്ലത്തുനിന്നു കടന്നുകളഞ്ഞ പ്രതികളിൽ നാലുപേരാണ് തമിഴ്നാട് ലക്ഷ്യമാക്കി കോട്ടയം ജില്ലയിലെത്തിയത്.
കൊല്ലത്തുനിന്നുള്ള പൊലീസ് സംഘം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട
ജില്ലകൾ കടന്ന് റാന്നി വഴി കോട്ടയം ജില്ലയിൽ ശനിയാഴ്ച രാത്രി ഏഴരയോടെ പ്രതികൾ പ്രവേശിച്ചു.
കറുകച്ചാലിലേക്ക്
ജില്ല വിട്ട് ഇടുക്കിയിലേക്കു കയറാൻ പ്രതികളെ അനുവദിക്കരുതെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് സ്റ്റേഷനുകളിലേക്കു നിർദേശം നൽകിയതോടെ എല്ലാ പ്രധാന ടൗണുകളിലും പൊലീസ് കാത്തുനിന്നു. റാന്നിയിൽനിന്ന് പൊന്തൻപുഴ വഴി മണിമല കയറി സംഘം കറുകച്ചാലിൽ എത്തുകയും തിരികെ മണിമല റോഡ് വഴി എരുമേലി ഭാഗത്തേക്കു പോവുകയും ചെയ്തു.
കറുകച്ചാലിലും എരുമേലിയിലും പൊലീസ് വാഹനം തടയാനായി കാത്തുനിന്നെങ്കിലും സംഘം പിടികൊടുത്തില്ല. എരുമേലിയിൽനിന്നു മുണ്ടക്കയത്തേക്കു വരുന്ന വഴിയിൽ പുത്തൻചന്തയ്ക്കു സമീപം റോഡിൽ വാഹനം കുറുകെയിട്ട് പൊലീസ് വഴി തടസ്സപ്പെടുത്തി.
എന്നാൽ, പ്രതികൾ കാർ തിരിച്ച് എരുമേലി ഭാഗത്തേക്കു വീണ്ടും പോയി. പൊലീസും പിന്നാലെ പോയതോടെ മുണ്ടക്കയത്തുനിന്ന് 4 കിലോമീറ്റർ മാറി അമരാവതി – പുഞ്ചവയൽ റൂട്ടിലേക്കു പ്രതികൾ തിരിഞ്ഞു.
മാപ്പ് ചതിച്ചു
മുരിക്കുംവയൽ, വണ്ടൻപതാൽ വഴി ഇടുക്കി ജില്ലയിലെ 35–ാം മൈലിലേക്കു പ്രവേശിക്കാൻ എളുപ്പവഴിയുണ്ട്.
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഈ റോഡിൽ യാത്ര ചെയ്ത പ്രതികൾ മുരിക്കുംവയലിലേക്കുള്ള വഴിയിലേക്കു പ്രവേശിച്ചു. എളുപ്പവഴിയാണെങ്കിലും ഇടുങ്ങിയ റോഡാണിത്.
ഒരു കാറിനു കഷ്ടിച്ചു കടന്നുപോകാൻ മാത്രം വീതിയുള്ള റോഡിൽ കാർ കുടുങ്ങി. ഇതിനോടകം മുണ്ടക്കയം മേഖലയിലെ വാട്സാപ് ഗ്രൂപ്പുകളിൽ കാറിന്റെ നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തിയതോടെ നാട്ടുകാർ എല്ലായിടത്തും നിരന്നിരുന്നു.
കാർ റോഡിൽ കുടുങ്ങിയതോടെ പ്രതികൾ സമീപത്തെ ഒരു വീടിന്റെ പരിസരത്തേക്കു കയറി നിന്നെങ്കിലും നാട്ടുകാരുടെ സഹായത്തോടെ രാത്രി 11.30നു പ്രതികളെ പൊലീസ് കീഴടക്കി.
നാട്ടുകാർക്ക് സല്യൂട്ട്
നിമിഷങ്ങൾക്കകം വലിയ ജനാവലിയാണു പ്രദേശത്തെത്തിയത്. പ്രതികളെ പ്രധാന റോഡിലേക്കു കൊണ്ടുവരികയും ഡിവൈഎസ്പി വിശാൽ ജോൺസൺ നാട്ടുകാർക്കു നന്ദി അറിയിക്കുകയും ചെയ്തു.
പൊലീസിനു ജയ് വിളിച്ച് നാട്ടുകാരും സംഘത്തെ യാത്രയാക്കി. ഇടുക്കി ജില്ലയിലേക്കു കടക്കാൻ 8 കിലോമീറ്റർ മാത്രം ശേഷിക്കെയാണു പ്രതികൾ പിടിയിലായത്.
മണിക്കൂറുകൾക്കകം പ്രതികൾ വലയിൽ
കരുനാഗപ്പള്ളി ∙ നാടിനെ ഞെട്ടിച്ച് ദേശീയപാതയുടെ വശത്ത് പട്ടാപ്പകൽ നടന്ന കൊലപാതകത്തിലെ പ്രതികളെയും സഹായികളെയും കൃത്യം നടന്ന് 12 മണിക്കൂറിനകം തന്നെ വലയിലാക്കാൻ കഴിഞ്ഞതു പൊലീസിന്റെ കുറ്റാന്വേഷണ മികവിനുള്ള തെളിവായി മാറി.
കേരള പൊലീസിന്റെ സൗത്ത് ടീം മുഴുവനായി ഉണർന്നു പ്രവർത്തിച്ചതാണു പ്രതികളെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത പറഞ്ഞു.
ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പിട്ടതിനു ശേഷം കാറിൽ ദേശീയപാതയുടെ സർവീസിൽ റോഡിൽ കൂടി ഓച്ചിറ ഭാഗത്തേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. സംഭവം അറിഞ്ഞ ഉടൻ തന്നെ തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമചന്ദ്രനാഥ്.
സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത എന്നിവരുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ജൂവനപ്പടി മഹേഷ്, കരുനാഗപ്പള്ളി എസിപി സി.ജോൺ, എഎസ്പി അമൃത, കൊല്ലം എസിപി ടി.ആർ.രാജേഷ്, ചാത്തന്നൂർ എസിപി അനുരൂപ്, സ്പെഷൽ ബ്രാഞ്ച് എസിപി ജോസ് ഫിലിപ്പ്, കൊല്ലം കൺട്രോൾ റൂം സിഐ രതീഷ്, കിളികൊല്ലൂർ സിഐ ജയപ്രകാശ്, ഓച്ചിറ സിഐ പ്രസാദ്, തെക്കുംഭാഗം സിഐ ബിനു, എന്നിവരുടെ നേതൃത്വത്തിലും ഡാൻസാഫ് ടീം അംഗങ്ങളും, കരുനാഗപ്പള്ളി പൊലീസും ചേർന്നുള്ള സ്പെഷൽ അന്വേഷണ സംഘം രൂപീകരിക്കുകയും പല ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ഇതിനിടയിൽ തന്നെ തമിഴ്നാട് പൊലീസിനെയും വിവരം അറിയിച്ച് തമിഴ്നാട്, കന്യാകുമാരി, തേനി അതിർത്തി പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകി. കൃത്യം നടത്തിയതിനു ശേഷം അതേ വാഹനത്തിൽ തന്നെ മുങ്ങിയ സംഘത്തിലെ കടത്തൂരുള്ള മണ്ണെണ്ണ നൗഫൽ വീടിനടുത്ത് ഇറങ്ങിയിരുന്നു.
ഇതറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തപ്പോഴേക്കും മറ്റുള്ളവരിലേക്കുള്ള വഴി തെളിഞ്ഞു. തുടർന്നു ഷംനാദ്, ഷിനു പീറ്റർ, മുഹമ്മദ് ഫൈസർ എന്നിവർ കസ്റ്റഡിയിലായി.
നൗഫലിനെ ചോദ്യം ചെയ്തതിൽ നിന്നു മറ്റു പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞതായി വിവരം ലഭിച്ചു. ഇതിനിടയിൽ തന്നെ അന്വേഷണ സംഘത്തിനു എഎൻസിഎ ക്യാമറ വഴി പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ദിശകൾ കിട്ടിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ സഞ്ചാരം നിരീക്ഷിച്ചു കൊണ്ടിരുന്നു. ഈ വാഹനം വർക്കല ഭാഗത്ത് കാണപ്പെടുകയും തുടർന്നു കോട്ടയം ഭാഗത്തേക്ക് പോയതായി വിവരം ലഭിക്കുകയും ചെയ്തു.
കോട്ടയം പൊലീസിനെയും വിവരം അറിയിച്ചു. ഏകദേശം ഒരു മണിക്കൂർ വരെ ഈ വാഹനത്തെ അന്വേഷണ സംഘത്തിന്റെ വാഹനം ചെയ്സ് ചെയ്തു കൊണ്ടിരുന്നു.
മുണ്ടക്കയത്തു വച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബ്ലാക്ക് വിഷ്ണു, അനീർ, ഹൂസൈൻ, ആഷിക് എന്നിവരെ കോട്ടയം പൊലീസിന്റെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ജിം സന്തോഷ് വധവുമായി ബന്ധപ്പെട്ടാണോ , മറ്റ് സംഘങ്ങൾ വല്ലവരും ആണോ ഇതിനു പിന്നിലെന്നു അന്വേഷണത്തിലൂടെ അറിയാൻ കഴിയുവെന്നു സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ ദിവസം പുലർച്ച് വവ്വാക്കാവിൽ ഒരു ഹോട്ടലിനു മുന്നിൽ വച്ച് അനീറിനെയും വെട്ടി പരുക്കേൽപ്പിച്ചിരുന്നു.
ഇതിന്റെ പ്രതികാരമാണോയെന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്ത പ്രതികളെ, തുടർന്നുള്ള ദിവസം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.
പൊലീസിനെതിരെ അതുലിന്റെ ബന്ധുക്കൾ
ഓച്ചിറ ∙ അതുൽ വധവുമായി ബന്ധപ്പെട്ട്് പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നും സംഭവത്തിൽ കൊലയാളികളും പൊലീസും തമ്മിലുള്ള ബന്ധം തെളിക്കുന്ന വിവിധ രേഖകൾ ഉണ്ടെന്നുമുള്ള ആരോപണവുമായി അതുലിന്റെ കുടുംബം.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അതുലിന്റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 7ന് ജാമ്യത്തിലിറങ്ങിയ അതുൽ സുഹൃത്ത് കുക്കു എന്നു വിളിക്കുന്ന മനുവുമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒപ്പ് ഇട്ടശേഷം തിരികെ വീട്ടിലേക്കു കാറിൽ വരുമ്പോൾ പൊലീസ് സ്റ്റേഷന് രണ്ട് കിലോമീറ്റർ അകലെ വച്ചാണു വെട്ടിക്കൊലപ്പെടുത്തിയത്.
കൊലയാളികൾക്ക് അതുൽ പൊലീസ് സ്റ്റേഷനിൽ എത്തുന്ന വിവരവും എത്തിയശേഷം തിരികെ പോകുന്ന വിവരവും വ്യക്തമായി ലഭിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
മിക്കപ്പോഴും കാർ ഓടിച്ചിരുന്ന അതുൽ കാർ ഓടിക്കാതെ സമീപ സീറ്റിലാണു ഇരിക്കുന്നതെന്നും വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണു കൊലയാളികൾ കാർ ഇടിച്ചു തെറിപ്പിച്ച ശേഷം കാറിന്റെ ഇടതു ഭാഗത്ത് അതുൽ ഇരുന്ന സ്ഥാനത്ത് ആക്രമണം നടത്തിയതെന്നും ഇവർ പറയുന്നു. ആക്രമണത്തിലെ മുഖ്യപ്രതി അനീർ മുൻപ് തന്നെ അതുലിന്റെ ബന്ധുവിനോട് അതുലിനെ കൊല്ലാൻ പൊലീസിന്റെ സഹായങ്ങൾ ലഭിക്കുമെന്നു പറഞ്ഞതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
കൊലയ്ക്ക് സഹായം ചെയ്തു എന്ന ആരോപിക്കുന്ന 4 പൊലീസ് ഉദ്യോഗസ്ഥരുടെ പേരും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസിന്റെയും പ്രതികളുടെയും ഫോൺ രേഖകളും പരിശോധിക്കണമെന്നും പ്രതികളെ പൊലീസ് പിടികൂടിയതല്ലന്നും മുൻ ധാരണപ്രകാരം കീഴടങ്ങിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വധഭീഷണി ഉണ്ടായിരുന്നിട്ടും അതുലിന് പൊലീസ് സംരക്ഷണം നൽകിയില്ലെന്നും അതുൽ കൊലക്കേസിൽ പൊലീസിന്റെ പങ്ക് തെളിക്കുന്നതിനു നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

