ചങ്ങനാശേരി ∙ സൗജന്യ റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കിയ സംഭവത്തിൽ കലക്ടർക്ക് റിപ്പോർട്ട് നൽകാൻ പ്രത്യേക അന്വേഷണ സംഘം. റേഷനരി തന്നെയാണ് താറാവിന്റെ തീറ്റയ്ക്കായി എടുത്തതെന്ന് ഭക്ഷ്യവകുപ്പിന്റെ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
റേഷനരിയിലെ ഫോർട്ടിഫൈഡ് അരിയുടെ സാന്നിധ്യം പിടിച്ചെടുത്ത തീറ്റയിൽ നിന്നും കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ജില്ലാ സപ്ലൈ ഓഫിസർ കലക്ടർക്ക് കൈമാറും.
കഴിഞ്ഞ ദിവസം ചങ്ങനാശേരി മാർക്കറ്റിലുള്ള 3 പേരെയാണ് തിരിമറി നടത്തിയതിനു സൗത്ത് സോൺ ഡപ്യൂട്ടി റേഷൻ കൺട്രോളറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. റേഷൻ കാർഡ് ഉടമകളിൽ നിന്നു റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കി മറിച്ചു വിൽക്കുന്നവരാണിതെന്ന് സ്ക്വാഡ് പറയുന്നു. റെയ്ഡുകളിൽ നിന്നു രക്ഷപ്പെടാൻ കുത്തരിയോടൊപ്പം, ചാക്കരിയും പച്ചരിയും തീറ്റയിൽ ചേർത്താണ് തിരിമറി സംഘം ചാക്കിൽ കെട്ടി വച്ചിരുന്നത്.
ശാസ്ത്രീയ പരിശോധന ഫലത്തിലൂടെ ഫോർട്ടിഫൈഡ് അരിയുടെ സാന്നിധ്യം ഉറപ്പിച്ചു.
റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന അരിയിൽ 100 കിലോയ്ക്ക് ഒരു കിലോ എന്ന നിലയിലാണ് ഫോർട്ടിഫൈഡ് അരി ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് ഫലം അന്വേഷണ സംഘത്തിനു പ്രധാന തെളിവാണ്.
അവശ്യസാധന നിയമപ്രകാരം മൂന്ന് പേർക്കെതിരെയും കേസ് എടുക്കാനാണ് നീക്കം. കലക്ടറാണ് തുടർ നടപടി സ്വീകരിക്കുക.
40 ചാക്കുകളാണ് മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തിയത്.
ചങ്ങനാശേരി കേന്ദ്രീകരിച്ച് വലിയ രീതിയിലാണ് തിരിമറി നടന്നതെന്നു കണ്ടെത്തിയതായും അന്വേഷണം സംഘം പറയുന്നു. സൗത്ത് സോൺ ഡപ്യൂട്ടി റേഷൻ കൺട്രോളർ സി.വി.മോഹൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം, പത്തനംതിട്ട
ജില്ലാ സപ്ലൈ ഓഫിസർമാരും സ്ക്വാഡിൽ ഉണ്ടായിരുന്നു. റേഷനരി നൽകുന്ന കാർഡ് ഉടമകൾക്ക് പകരം പലചരക്ക് സാധനങ്ങളാണ് തിരിമറിക്കാർ നൽകിയിരുന്നത്. റെയ്ഡിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
ചാക്കുകെട്ടുകൾ മാറ്റിയതിലും അന്വേഷണം
ചങ്ങനാശേരി മാർക്കറ്റിലെ പരിശോധനയ്ക്കിടയിൽ ഒരിടത്തെ ചാക്ക് കെട്ടുകൾ വാഹനത്തിൽ കടത്തിയതിനെ സംബന്ധിച്ചും അന്വേഷണം.
ഒരിടത്ത് പരിശോധന നടക്കുന്നതിനിടെയായിരുന്നു സമീപ സ്ഥലത്ത് സൂക്ഷിച്ച ചാക്കു കെട്ടുകൾ വാഹനത്തിൽ കയറ്റി വിട്ടത്. പരിശോധനാ സംഘം ഇവിടേക്ക് എത്തിയപ്പോൾ മൂന്ന് ചാക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
സ്ക്വാഡിന്റെ പരിശോധന അറിഞ്ഞ് കെട്ടുകൾ മാറ്റിയതാണെന്നു കരുതുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

