അരനൂറ്റാണ്ടുകാലമായി മലയോര മേഖലയുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിൽ നിർണായക പങ്കുവഹിക്കുന്ന കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി ആഘോഷങ്ങളുടെ നിറവിലേക്ക്. രൂപതയുടെ വരുംകാല വികസന ദർശനങ്ങൾക്കും കർമ്മപദ്ധതികൾക്കും രൂപം നൽകുന്നതിനായി കുട്ടിക്കാനം മരിയൻ കോളജിൽ എപ്പാർക്കിയൽ അസംബ്ലിക്ക് തുടക്കമായി.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു. 1977-ൽ സ്ഥാപിതമായ ശേഷം രൂപത കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തുന്നതിനും, വരും ദശകങ്ങളിലേക്കുള്ള സമഗ്ര വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് അസംബ്ലി ചേരുന്നത്.
180 പ്രതിനിധികൾ അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. മാർ ജോസഫ് പൗവത്തിൽ പിതാവ് പാകിയ ആത്മീയ അടിത്തറയിൽ ആരംഭിച്ച്, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ എന്നീ പിതാക്കന്മാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ രൂപത വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
64 ജീവകാരുണ്യ സ്ഥാപനങ്ങൾ, മലനാട് ഡവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്, എയ്ഞ്ചൽസ് വില്ലേജ്, അമൽജ്യോതി, മരിയൻ, സെന്റ് ഡൊമിനിക്സ് കോളജുകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ അതിഭൗതികതയോടുള്ള ആസക്തി, ലഹരി ഉപയോഗം, പരിസ്ഥിതി പ്രശ്നങ്ങൾ, വന്യമൃഗശല്യം, പട്ടയപ്രശ്നങ്ങൾ എന്നിവ വെല്ലുവിളിയാണെന്ന് മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി.
സഭ സ്ഥാപനവൽക്കരിക്കപ്പെടാതെ, ക്രിസ്തുവിന്റെ ചൈതന്യത്തോടെയുള്ള ശുശ്രൂഷകൾ തുടരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. യുവാക്കളുടെ വിദേശ കുടിയേറ്റം തടയാൻ സ്റ്റാർട്ടപ് സംവിധാനങ്ങളും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും, വയോജനങ്ങൾക്കായി ഇളങ്കുളത്ത് വലിയൊരു പദ്ധതി ജൂബിലി വർഷത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന ചടങ്ങിൽ മാർ ജോസ് പുളിക്കൽ കുർബാന അർപ്പിച്ചു. ഫാ.ഡോ.
സെബാസ്റ്റ്യൻ പാലമൂട്ടിൽ ധ്യാനചിന്തകൾ പങ്കുവെച്ചു. വികാരി ജനറൽമാരായ ഫാ.
ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ.ഡോ. ജോസ് വെള്ളമറ്റം എന്നിവർ സംസാരിച്ചു.
ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഇന്ന് (13) ഉച്ചയ്ക്ക് 2.30-ന് നിർവഹിക്കും. 1977-ൽ ചങ്ങനാശേരി അതിരൂപതയുടെ ആറ് ഫൊറോനകൾ ചേർത്താണ് കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

