കോട്ടയം∙ വൊളന്റിയർമാർക്ക് താമസിക്കാൻ മുറി നൽകിയാൽ മാത്രം മതി, തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ സൗജന്യമായി എടുത്തു തരാമെന്ന വാഗ്ദാനമായിരുന്നു ‘കാവ’യെന്ന എൻജിഒ മുൻപോട്ടു വച്ചത്. എന്നാൽ കോട്ടയം, ഏറ്റുമാനൂർ, വൈക്കം നഗരസഭകളും 7 പഞ്ചായത്തുകളും മാത്രമാണ് പദ്ധതിക്ക് കൈകൊടുത്തത്.
ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങൾ കൈ കൊടുക്കാതായതോടെ വൊളന്റിയർമാരെ മറ്റു ജില്ലകളിലേക്ക് വിടാൻ തീരുമാനിച്ചു.
അതോടെ, വിഷയത്തിൽ കലക്ടറും ജില്ലാ പ്ലാനിങ് ഓഫിസറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും അടിയന്തരമായി ഇടപെട്ടു. മാസം 5,000 രൂപ പോലും കണ്ടെത്താനായില്ലെങ്കിൽ തെരുവുനായ ആക്രമണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് തദ്ദേശ സ്ഥാപനങ്ങളെ ഓർമിപ്പിച്ചു.
നിർത്തിപ്പോകാനിരുന്ന പദ്ധതിക്ക് അങ്ങനെ വീണ്ടും ജീവൻ വച്ചു.
മാടപ്പള്ളി ബ്ലോക്കിലെ പഞ്ചായത്തുകളിലാണ് ഇനി എൻജിഒ പ്രവർത്തിക്കുക. കുമരകം, അയ്മനം, മാഞ്ഞൂർ, മുളക്കുളം, കാണക്കാരി, തലയാഴം, ടി.വി.പുരം പഞ്ചായത്തുകളിലെ നായ്ക്കൾക്ക് നിലവിൽ കാവ കുത്തിവയ്പ് പൂർത്തിയാക്കി.
നഷ്ടപരിഹാരം ലക്ഷങ്ങൾ
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട
പരാതികൾ ഇപ്പോൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ 45 പരാതികളാണ് കിട്ടിയത്.
അതിൽ 9 എണ്ണത്തിൽ തീരുമാനം ആയി. 3,29,600 രൂപ പിഴയായി വിധിച്ചു.
അതത് ഇടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളാണ് ഈ തുക നൽകേണ്ടത്. 10 കേസുകൾ ഹിയറിങ്ങിന് വിളിച്ചെങ്കിലും പരാതിക്കാർ എത്താത്തതിനാൽ തള്ളി.
വന്ധ്യംകരിച്ച നായ്ക്കൾ എവിടെപ്പോയി?
കോട്ടയം കോടിമതയിലെ എബിസി സെന്ററിൽ 2745 തെരുവുനായ്ക്കളെയാണ് ഇതുവരെ വന്ധ്യംകരിച്ചത്.
കോട്ടയം നഗരസഭയിലെ ഓരോ വാർഡുകളിലും സൂക്ഷ്മ പരിശോധന നടത്തി നായ്ക്കളെ കണ്ടെത്തിയായിരുന്നു പ്രവർത്തനം. എന്നാൽ നഗരത്തിൽ ഇപ്പോൾ കാണുന്നതിലൊന്നും ഈ നായ്ക്കളില്ല.
തിരിച്ചറിയാൻ എളുപ്പത്തിൽ ചെവിയിൽ ചെറിയ മുറിപ്പാട് ഉണ്ടാക്കിയാണ് നായ്ക്കളെ അവയുണ്ടായിരുന്ന ഇടങ്ങളിൽ തിരികെ വിട്ടത്.
എന്നാൽ ആ ഇടങ്ങളിലെല്ലാം ഇപ്പോഴുള്ളത് മുറിപ്പാട് ഇല്ലാത്ത, വളർത്തുന്ന തരം നായ്ക്കളും അവയുടെ ക്രോസ് ബ്രീഡ് ഇനങ്ങളുമാണ്. വളർത്തുമൃഗങ്ങളെ തെരുവിൽ വിടുന്ന പ്രവണത ഇപ്പോൾ സജീവമാണെന്നും തെരുവുനായ പ്രശ്നത്തെ ജില്ലയിൽ രൂക്ഷമാക്കിയതിന്റെ കാരണങ്ങളിലൊന്ന് അതാണെന്നും മൃഗസംരക്ഷണ വകുപ്പ് പറയുന്നു.
സഹജീവി സ്നേഹം പരിഹാരമാകുമോ
വന്ധ്യംകരണത്തിന് വിധേയമാക്കിയ നായ്ക്കളെ തിരികെ വിടുമ്പോൾ അവയ്ക്ക് ഭക്ഷണം ഉറപ്പാക്കാൻ സമീപത്തുള്ള മനുഷ്യർക്കും സംഘടനകൾക്കും സഹായിക്കാമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.
ഭക്ഷണം കിട്ടാതാകുമ്പോഴും ഇണചേരൽ സമയത്തുമാണു നായ്ക്കൾ ആക്രമണങ്ങൾക്ക് തുനിയുന്നത്.
അതിൽ ഇണചേരൽ കഴിവ് ഇല്ലാതാകുന്നതോടെ ഭക്ഷണം മാത്രമായി ആവശ്യം ചുരുങ്ങും. ആ ഭക്ഷണം നൽകാനായാൽ അത്തരം ആക്രമണങ്ങളും ഒഴിവാക്കാനാകുമെന്നാണ് വിശദീകരണം.
വന്ധ്യംകരണത്തിന് വിധേയമായ നായ്ക്കൾ പൊതുവേ ശാന്തരാകുമ്പോൾ വീട്ടിൽനിന്ന് പുറന്തള്ളപ്പെടുന്ന നായ്ക്കളാണ് തെരുവുകളിൽ ആക്രമണങ്ങൾ ഉണ്ടാക്കുന്നതെന്നും വകുപ്പ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

