കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം പൂർണ്ണമായി മുടങ്ങിയതിനെത്തുടർന്ന് ജനരോക്ഷം ശക്തമാകുന്നു. ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിലും നഗരസഭയുടെ ചില പ്രദേശങ്ങളിലുമാണ് കുടിവെള്ളം ലഭിക്കാതെ ജനം ദുരിതത്തിലായത്.
പേരൂർ പൂവത്തിൻമൂട് പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനെത്തുടർന്ന് മെഡിക്കൽ കോളജ് പ്ലാന്റിൽ നിന്നുള്ള ജലവിതരണം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാത്രമായി ചുരുക്കാൻ അധികൃതർ നിർബന്ധിതരായി.
പമ്പിങ് സ്റ്റേഷനിൽ വെള്ളം കയറുകയും ട്രാൻസ്ഫോമറുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കുടമാളൂർ പാലത്തിന് സമീപമുള്ള പമ്പിങ് സ്റ്റേഷനിൽ നിന്നുമാത്രമാണ് നിലവിൽ മെഡിക്കൽ കോളജ് പ്ലാന്റിലേക്ക് ജലമെത്തുന്നത്.
എന്നാൽ, വെള്ളം കയറാത്ത രീതിയിൽ പമ്പിങ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന്മേൽ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. അതേസമയം, ഇന്നലെ പൂവത്തിൻമൂട് പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചിട്ടുണ്ട്.
ജലവിതരണം ആരംഭിച്ചെങ്കിലും ഇന്ന് വൈകിട്ടോടെ മാത്രമേ സ്ഥിതി പൂർണ്ണതോതിലേക്ക് മടങ്ങിയെത്തുകയുള്ളൂവെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ടാങ്കറുകൾ വഴി കുടിവെള്ളം എത്തിക്കാനും സാധിക്കാത്ത അവസ്ഥയാണുള്ളത്.
വെള്ളം പൊങ്ങുമ്പോഴെല്ലാം പമ്പിങ് മുടങ്ങുന്ന സ്ഥിതിക്ക് ശാശ്വത പരിഹാരം കാണാൻ ജല അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

