കുറവിലങ്ങാട് ∙ കോഴായിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിനു തൊട്ടടുത്താണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്. ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്ന ഇവിടെ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ ഇടപെടൽ പ്രതീക്ഷിക്കുകയാണ് നാട്.
കേന്ദ്രത്തിന്റെ പ്രവർത്തനം സ്വകാര്യ ഏജൻസിക്കു കൈമാറിയതിനു ശേഷം രണ്ടു വർഷം കഴിഞ്ഞു.
അരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. ക്ലീൻ കേരള കമ്പനി ആയിരുന്നു ആദ്യഘട്ടത്തിൽ തരിയാക്കിയ പ്ലാസ്റ്റിക് ഏറ്റെടുത്തിരുന്നത്.
ഇവർ പിന്മാറിയതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. മേഖലയിലെ പല പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിക്ക് നേരിട്ടു പ്ലാസ്റ്റിക് നൽകിയിരുന്നു.
തരികളാക്കിയ പ്ലാസ്റ്റിക് വാങ്ങണമെങ്കിൽ പണം നൽകണമെന്ന നിർദേശം കമ്പനി മുന്നോട്ടുവച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക പരാധീനത മൂലം ഈ നിർദേശം നടപ്പായില്ല.
ഇതോടെ പ്ലാസ്റ്റിക് തരികളാക്കുന്ന പണികളും തരികളാക്കിയ പ്ലാസ്റ്റിക്കിന്റെ വിൽപനയും നിലച്ചു.
കേന്ദ്രവും പരിസരവും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു കിടക്കുകയാണ്. പ്രശ്നപരിഹാരത്തിനു വേണ്ടിയാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.
ഇവർ മാലിന്യനീക്കം കൃത്യമായി നടത്താത്തതിനാൽ ബ്ലോക്ക് പഞ്ചായത്ത് അന്ത്യശാസനം നൽകുകയായിരുന്നു. തുടർന്നു ഘട്ടം ഘട്ടമായി നീക്കം ചെയ്യൽ ആരംഭിച്ചു. ഈ പ്രവർത്തനവും ഇപ്പോൾ നിലച്ച അവസ്ഥയാണ്.
ഇപ്പോഴും ടൺ കണക്കിനു മാലിന്യം ഇവിടെ കെട്ടിക്കിടക്കുകയാണ്. മാലിന്യത്തിനു മുകളിൽ കുറ്റിക്കാട് വളർന്നു.
നടപടികൾ വേഗത്തിലാക്കുന്നതിനു പുതിയ ഭരണസമിതി ഇടപെടണമെന്ന നിർദേശമാണ് ഉയരുന്നത്.
കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി കുറവിലങ്ങാട് ടൗണിനു സമീപം പഴയ സിനിമ തിയറ്റർ വാടകയ്ക്കെടുത്ത് അവിടെയും മാലിന്യം കുന്നുകൂട്ടിയിട്ടുണ്ട്. അതിഥിത്തൊഴിലാളികളുടെ സഹായത്തോടെ തരം തിരിച്ചു കെട്ടുകളാക്കി മാറ്റിയാണ് മാലിന്യം കൊണ്ടുപോകുന്നത്.
ഗുണനിലവാരം അനുസരിച്ചു വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും അയയ്ക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന് ഷെഡ് നിർമിക്കാൻ ശുചിത്വ മിഷനുമായി സഹകരിച്ച് 15 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു.
നിലവിൽ തുറന്ന സ്ഥലത്താണ് പ്ലാസ്റ്റിക് കുന്നുകൂട്ടുന്നത്. ഷെഡ് നിർമിക്കണമെങ്കിൽ നിലവിൽ കുന്നുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാറ്റിക്കിട്ടണം. പൂർണമായി നീക്കം ചെയ്താലുടൻ നിർമാണം ആരംഭിക്കുകയാണ് ലക്ഷ്യം.
പക്ഷേ നീക്കം നിലച്ചതോടെ ഷെഡ് പദ്ധതിയും ഷെഡിലായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

