കോട്ടയം നഗരത്തിൽ തിരക്കേറിയ സമയത്ത് ഒന്നരമണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് സാമൂഹികവിരുദ്ധരുടെ വിളയാട്ടം.
തിരുനക്കരയിൽ റോഡിന് നടുവിൽ കുത്തിയിരുന്ന് ഭക്ഷണം കഴിച്ചയാളാണ് നഗരത്തെ സ്തംഭിപ്പിച്ചത്. ഏതാനും ദിവസം മുൻപ് പുളിമൂട് ജംക്ഷനിലും സമാനമായ രീതിയിൽ റോഡിലിരുന്ന് ഭക്ഷണം കഴിച്ച് ഇയാൾ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.
ഇയാളെ പിടികൂടാൻ പൊലീസെത്തിയെങ്കിലും ഉദ്യോഗസ്ഥരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയാണ് ചെയ്തത്. ഇയാളടക്കം 117 സാമൂഹികവിരുദ്ധർ നഗരത്തിൽ സജീവമാണെന്നാണ് വ്യാപാരികളും സാമൂഹിക പ്രവർത്തകരും വ്യക്തമാക്കുന്നത്.
ഇവർ തുടർച്ചയായി ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങളിൽ വലയുകയാണ് നഗരത്തിലെത്തുന്ന സാധാരണക്കാരായ യാത്രക്കാർ. കടകളിൽ നേരിട്ടെത്തി ഭീഷണിപ്പെടുത്തി പണവും ഭക്ഷണസാധനങ്ങളും കൈക്കലാക്കുന്നതിന് പുറമെ, യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അശ്ലീല ചേഷ്ടകളും പദപ്രയോഗങ്ങളുമായി രാപകൽ നഗരത്തിൽ തമ്പടിക്കുന്ന ഇവർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വ്യാപക പരാതിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇവർ, പാവപ്പെട്ടവർക്കായി നഗരത്തിൽ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും ദുരുപയോഗം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ലഹരിക്ക് അടിപ്പെട്ടിട്ടുള്ള ഇവർ പരസ്പരം ഏറ്റുമുട്ടുന്നതും ഇവിടെ പതിവാണ്. കോട്ടയം വെസ്റ്റ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സാമൂഹികവിരുദ്ധരുടെ ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
ഇവരെ നഗരത്തിൽനിന്ന് ഒഴിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് പൊലീസ് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

