കോട്ടയം ∙ ജില്ലയിലെ 27 ഗ്രാമപ്പഞ്ചായത്തുകളിൽ സമ്പൂർണ സീറ്റ് ധാരണയായെന്നു യുഡിഎഫും എൽഡിഎഫും. 5 ന് ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള ആദ്യ ഘട്ട
സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു ബിജെപി.
തൽസ്ഥിതി തുടരുമോ യുഡിഎഫ്?
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നലുടൻ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാമെന്ന ധാരണയിലാണ് യുഡിഎഫ്. ജില്ലാ– ബ്ലോക്ക് പഞ്ചായത്തുകളിൽ അന്തിമചർച്ച നടന്നുവരികയാണ്.
ജില്ലാ പഞ്ചായത്തിൽ നിലവിലെ സ്ഥിതി തുടരുകയെന്ന ചർച്ചയാണ് കോൺഗ്രസിൽ നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 22 ഡിവിഷനുകളിൽ 14 എണ്ണത്തിൽ കോൺഗ്രസും 8 എണ്ണത്തിൽ കേരള കോൺഗ്രസുമാണ് മത്സരിച്ചത്.
9 സീറ്റ് കേരള കോൺഗ്രസിന് അനുവദിച്ചിരുന്നെങ്കിലും 8 എണ്ണത്തിലാണ് മത്സരിച്ചത്. ഇത്തവണ അധികമായി വന്ന തലനാട് ഡിവിഷനിൽ കോൺഗ്രസും കേരള കോൺഗ്രസും അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
13–10 എന്ന നിലയിൽ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എന്ന ആവശ്യമാണ് കേരള കോൺഗ്രസ് ഉയർത്തുന്നത്. എന്നാൽ 15–8 എന്ന നിലയിൽ വിഭജനം എന്ന ചർച്ചയാണ് കോൺഗ്രസ് നടത്തുന്നത്.
ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ മുസ്ലിം ലീഗും ആവശ്യപ്പെടുന്നുണ്ട്.കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച വെള്ളൂർ ഡിവിഷൻ ഇത്തവണ കോൺഗ്രസ് ഏറ്റെടുത്ത് കേരള കോൺഗ്രസിന് മറ്റൊരു സീറ്റ് നൽകാൻ ശ്രമം നടക്കുന്നു. ഇവിടെ മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് മത്സരിക്കാൻ രംഗത്തുണ്ട്.
കെപിസിസി ഭാരവാഹി അടക്കം മുതിർന്ന നേതാക്കളും കോൺഗ്രസ് പട്ടികയിലുണ്ട്.
എൽഡിഎഫിന് പ്രചാരണത്തുടക്കം
ജില്ലാ പഞ്ചായത്ത് സീറ്റ് സംബന്ധിച്ച ധാരണയ്ക്കായി എൽഡിഎഫ് നാളെ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ തവണ 9 ഡിവിഷനുകളിൽ വീതം കേരള കോൺഗ്രസും (എം) സിപിഎമ്മും 4 സീറ്റിൽ സിപിഐയുമാണ് മത്സരിച്ചത്.
ഇത്തവണ അധികം വന്ന ഡിവിഷൻ വേണമെന്ന ആവശ്യം കേരള കോൺഗ്രസ് (എം) ഉയർത്തുന്നുണ്ട്. ഇങ്ങനെ വന്നാൽ 10–9–4 എന്ന തരത്തിൽ ഡിവിഷനുകൾ വീതം വയ്ക്കേണ്ടി വരും.
കേരള കോൺഗ്രസിൽ (എം) നിന്ന് മുതിർന്ന നേതാക്കൾ തന്നെ ജില്ലാ പഞ്ചായത്തിൽ മത്സരത്തിന് തയാറെടുക്കുന്നു.
സിപിഎം, സിപിഐ എന്നിവർ നിലപാട് അടുത്ത ദിവസം വ്യക്തമാക്കും.കോട്ടയം നഗരസഭയിൽ പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർഥികളെ സംബന്ധിച്ച് അവസാന വട്ട
ചർച്ച തുടരുകയാണ്. കേരള കോൺഗ്രസിന്റെ (എം) അഭിമാന പോരാട്ടം നടക്കുന്ന പാലാ നഗരസഭയിലും സീറ്റ് സംബന്ധിച്ച് അന്തിമ ധാരണ എത്തിയിട്ടില്ല. ഇത്തവണത്തെ ഭരണ സമിതിയിൽ ചെയർപഴ്സൻമാരായ ആന്റോ പടിഞ്ഞാറേക്കര, തോമസ് പീറ്റർ എന്നിവർ മത്സര രംഗത്തില്ല. ഇരുവരുടെയും വാർഡുകൾ വനിത സംവരണമായി.
ആന്റോയുടെ ഭാര്യ റൂബി സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മറ്റു രണ്ട് ചെയർപഴ്സൻമാരായ ഷാജു തുരുത്തൻ, ജോസിൻ ബിനോ എന്നിവർ മത്സരരംഗത്തുണ്ട്. ഇവരുടെ സീറ്റ് സംബന്ധിച്ച് ചർച്ച തുടരുന്നു.
സ്ഥാനാർഥി പാനലുമായി ബിജെപി
5ന് ആദ്യഘട്ട
സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പഞ്ചായത്ത് തലത്തിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് ബിജെപി ശ്രമം. തർക്കങ്ങളും അവകാശ വാദങ്ങളുമില്ലാത്ത സീറ്റുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുക. ബിഡിജെഎസുമായി ധാരണ വരുന്നത് അടക്കമുള്ള സീറ്റുകൾ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കും.
ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനിൽ 3 അംഗ പാനൽ സംസ്ഥാന കമ്മിറ്റിക്കു നൽകാനാണ് നിർദേശം. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ സംസ്ഥാന തലത്തിലാകും പ്രഖ്യാപിക്കുക. പൂഞ്ഞാർ, തലനാട്, കിടങ്ങൂർ, കുമരകം വാർഡുകളിൽ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി പ്രതീക്ഷ.
അപ്രതീക്ഷിത സ്ഥാനാർഥികളെയും ജില്ലാ പഞ്ചായത്തിലേക്ക് രംഗത്തിറക്കാൻ ശ്രമമുണ്ട്.
സിപിഎം ലോക്കൽ, ഏരിയ സെക്രട്ടറിമാർ മത്സരത്തിനില്ല
കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും എത്തുന്നതിനാൽ സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ലോക്കൽ, ഏരിയ സെക്രട്ടറിമാർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് നിന്നു മാറി നിൽക്കാൻ സിപിഎമ്മിൽ നിർദേശം. സംസ്ഥാന കമ്മിറ്റി തീരുമാനം ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ലോക്കൽ,
ഏരിയ സെക്രട്ടറിമാർ ജനപ്രതിനിധികൾ ആയാൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുമെന്നതിനാലാണ് തീരുമാനം.ജില്ലയിൽ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസം ചേരുന്ന എൽഡിഎഫിൽ എടുക്കും. ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച തലനാട് ഡിവിഷനിലെ കേരള കോൺഗ്രസിന്റെ (എം) ആവശ്യത്തോട് അനുഭാവപൂർവം പ്രതികരിക്കാനാണു ധാരണ.
39 പഞ്ചായത്തിൽ പ്രസിഡന്റ് സംവരണ വിഭാഗങ്ങളിൽനിന്ന്
കോട്ടയം∙ ജില്ലയിലെ 71 പഞ്ചായത്തുകളിൽ 39 എണ്ണത്തിൽ പ്രസിഡന്റ് സ്ഥാനങ്ങൾ വിവിധ സംവരണ വിഭാഗങ്ങളിലുള്ളവർക്ക്. 32 സീറ്റുകളാണ് ജനറൽ വിഭാഗത്തിലുള്ളത്.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ 5 എണ്ണവും സംവരണ വിഭാഗത്തിൽ. 6 എണ്ണം ജനറൽ വിഭാഗത്തിലും വരും.
ബ്ലോക്കിൽ വനിതാ സംവരണം മാത്രമാണുള്ളത്. ഏതൊക്കെ ഗ്രാമ– ബ്ലോക്ക് പഞ്ചായത്തുകളാണ് സംവരണ വിഭാഗത്തിൽ എന്നതു സംബന്ധിച്ച വിജ്ഞാപനം അടുത്ത ദിവസം പുറത്തിറങ്ങും.
ജില്ലയിലെ സംവരണം ഇങ്ങനെ
∙ ഗ്രാമപ്പഞ്ചായത്ത്
വനിത 33
പട്ടികജാതി 3
പട്ടികജാതി സ്ത്രീ 2
പട്ടിക വർഗം 1
ആകെ 39
∙ ബ്ലോക്ക് പഞ്ചായത്ത്
വനിത 5
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

