കോട്ടയം ∙ തിരുനക്കരയിലെ അരങ്ങിൽ 41 വർഷം മുൻപ് നളചരിതം രണ്ടാംദിവസം. നളന്റെയും ദമയന്തിയുടെയും വിവാഹം കഴിഞ്ഞ് അവർ നളന്റെ കൊട്ടാരത്തിൽ എത്തുന്നതാണ് ഒന്നാംരംഗം.
വിവാഹത്തിൽ പങ്കെടുത്ത് ഇന്ദ്രാദികൾ ദേവലോകത്തേക്ക് മടങ്ങുന്നതും വഴിമധ്യേ കലിദ്വാപരന്മാരെ കാണുന്നതും അവരുടെ സംഭാഷണവുമാണ് രണ്ടാംരംഗം. കലിദ്വാപരന്മാർ ദമയന്തിയുടെ വിവാഹച്ചടങ്ങിനു പോകുന്നതേയുള്ളു എന്നു മനസ്സിലാക്കിയ ഇന്ദ്രാദികൾ അവരോടു ചോദിക്കുന്നു: ‘വെള്ളം ചോർന്നുപോയിട്ട് അണ കെട്ടുന്നതെന്തിനാണ്?’.
അപമാനിക്കപ്പെട്ടെന്ന തോന്നലുണ്ടായ കലിദ്വാപരന്മാർ നളനെ ചൂതുകളിയിൽ തോൽപിച്ച് കാട്ടിലേക്ക് അയയ്ക്കുമെന്നും അങ്ങനെ ദമയന്തിയിൽനിന്ന് അകറ്റുമെന്നും തന്ത്രം മെനയുന്നു.
കലാമണ്ഡലം കൃഷ്ണൻ നായരും കലാമണ്ഡലം ഗോപിയും തുടങ്ങി ഒന്നാംനിര നടന്മാർ അരങ്ങിൽ നിറഞ്ഞാടിയതു വേദിക്കരികിൽ കണ്ടുനിന്ന സുരേഷ് ബാബു പിന്നീടു കോട്ടയത്തെ അരങ്ങുകളിൽ സ്ഥിരസാന്നിധ്യമായി.
നാലു പതിറ്റാണ്ടു കൊണ്ട് കഥകളിയരങ്ങിന്റെ മികച്ച സംഘാടകനിലേക്കുള്ള വളർച്ചയുടെ അംഗീകാരമാണ് കഥകളിയുടെ സമഗ്ര സംഭാവനയ്ക്കുള്ള കലാമണ്ഡലം പുരസ്കാരത്തിലൂടെ (30,000 രൂപ) സുരേഷ് ബാബുവിനു ലഭിച്ചത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പുത്തനങ്ങാടി മാരുതി ഭവനിൽ എം.ഡി.സുരേഷ് ബാബു ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബീക്കണിന്റെ സെക്രട്ടറിയായിരുന്നു. ബീക്കൺ നടത്തിയ നളചരിതം രണ്ടാം ദിവസം കഥകളി കണ്ടാണ് ക്ലാസിക്കൽ കലകളിൽ ആകൃഷ്ടനാകുന്നത്.
അക്കാലത്തു തന്നെ കോട്ടയത്തെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ സജീവപങ്കാളിയായി.
2018ൽ ചീഫ് മാനേജരായി ബാങ്കിൽനിന്നു വിരമിച്ച ശേഷം കലാ,സാംസ്കാരിക രംഗത്ത് സജീവമായി. സ്ഥാപകസെക്രട്ടറി പള്ളം ചന്ദ്രൻ സ്ഥാനമൊഴിഞ്ഞതോടെ 2022 മുതൽ കളിയരങ്ങിന്റെ സെക്രട്ടറിയാണ്.
കൂടിയാട്ടം, നങ്ങ്യാർ കൂത്ത്, കഥകളിപ്പദക്കച്ചേരി, ക്ലാസിക്കൽ നൃത്തങ്ങൾ, തോൽപ്പാവക്കൂത്ത് തുടങ്ങിയവയുടെയെല്ലാം അവതരണങ്ങളിലൂടെ കളിയരങ്ങ് ശ്രദ്ധിക്കപ്പെട്ടു. കളിയരങ്ങ് ഇപ്പോൾ 51–ാം വാർഷികാഘോഷത്തിലാണ്. ഭാര്യ:എസ്.സുമ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് റിട്ട.
ഉദ്യോഗസ്ഥ). മക്കൾ: രാഹുൽ (ദുബായ്), ഗായത്രി.
മരുമകൾ: ദീപിക ചന്ദ്രമോഹൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

