കൊട്ടിയം ∙ ഫ്ലോട്ടിനു മുന്നിൽ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി സംഭവത്തിൽ അറസ്റ്റിലായത് പ്രായപൂർത്തിയാകാത്ത 2 പേർ അടക്കം 6 പ്രതികൾ. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്.
പ്രതികളെ 8 മണിക്കൂറിനുള്ളിൽ വെളിച്ചിക്കാലയിലെ വീട്ടിൽ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. അക്രമികളെ ഒളിപ്പിച്ച യുവാവും പ്രായപൂർത്തിയാകാത്ത 2 പേരും ഉൾപ്പെടെ 6 പേരെ ഞായർ പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്.
കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു(26), പ്രിജിത് (27), അഖിൽരാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു അക്രമം. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിന് മുന്നിൽ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലിൽ അറിയാതെ ചവിട്ടി.
ഇതിൽ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും ആദിത്യൻ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്സുകൾ ഘടിപ്പിച്ച ഫ്ലോട്ടിൽ എൽഇഡി കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ തേജസിനെ കുത്തുന്നതും നിലവിളിയും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
കുത്തിയശേഷം പ്രതികൾ സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡിൽ വീണതാകാം എന്ന ധാരണയിൽ ഫ്ലോട്ട് കടന്നു പോയ ശേഷം ചിലർ തേജസിനെ റോഡരികിലേക്ക് നീക്കിക്കിടത്തി.
അതുവഴി വന്ന സുഹൃത്തുക്കൾ തേജസിനെ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് കുത്തേറ്റ കാര്യം പറയുന്നത്. അതുവഴി വന്ന പിക് അപ് ഒാട്ടോറിക്ഷയിൽ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ന് തേജസ് മരിച്ചു.
ഒളിവിൽ പോയ പ്രതികൾക്കായി ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ള വൻ പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചു.
ഒടുവിൽ പുലർച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖിൽ രാജിന്റെ വീട്ടിൽ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. ഇവർക്ക് അഭയം നൽകിയ അഖിലിനെയും അറസ്റ്റ് ചെയ്തു.
ജുവനൈൽ കോടതിയിൽ ഹാജരാക്കിയ 2 പേർക്കു ജാമ്യം അനുവദിച്ചു. മറ്റ് 4 പ്രതികളെയും റിമാൻഡ് ചെയ്തു.
വയലിൽ എറിഞ്ഞു കളഞ്ഞ കത്തി പ്രതി ആദിത്യനാണ് പൊലീസിനു കാട്ടിക്കൊടുത്തത്. പുനലൂർ നെല്ലിപ്പള്ളി ഗവ.
കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ വിദ്യാർഥിയാണ് തേജസ്. അമ്മ: സൗമ്യ, സഹോദരി: ലച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

