
നിയന്ത്രണങ്ങൾ ലംഘിച്ചു കണ്ടെയ്നർ ‘കാഴ്ചക്കാർ’; ചിത്രം പകർത്തുന്നവർ, കുട്ടികളുമായി എത്തുന്ന സ്ത്രീകൾ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ തിങ്കൾ പുലർച്ചെ വലിയ ആശങ്കയോടെയാണ് തീരം ഉണർന്നത്. പിന്നീട് അധികൃതരുടെ നിയന്ത്രണങ്ങൾ ലംഘിച്ചു കാഴ്ചക്കാരുടെ തിരക്കായി. 200 മീറ്റർ അകലം പാലിക്കണമെന്ന് നിർദേശം കാറ്റിൽ പറന്നു. ഞായർ രാത്രി ചെറിയഴീക്കലിൽ കണ്ടെയ്നർ കരയ്ക്ക് അടിഞ്ഞതിനു പുറമെ ശക്തികുളങ്ങര പള്ളിക്കു സമീപം പുലർച്ചെ ഒരു കണ്ടെയ്നർ അടിഞ്ഞു. വിവരം അറിഞ്ഞതോടെ ആളുകളുടെ തിരക്കു വർധിച്ചു. കരയ്ക്കു നിന്നാൽ കാണാവുന്ന അകലത്തിൽ മറ്റു രണ്ടെണ്ണം. ആദ്യം തീരത്ത് അടിഞ്ഞ കണ്ടെയ്നർ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു വടം ഉപയോഗിച്ചു കരയുമായി ബന്ധിപ്പിച്ചു. നീണ്ടകരയിലും ഹാർബറിനോട് കണ്ടെയ്നർ തീരത്ത് അടിഞ്ഞതായി വിവരം എത്തി. ശക്തികുളങ്ങരയിൽ ആളുകളുടെ തിരക്കു വർധിച്ചു.
കടൽഭിത്തിക്കു മുകളിൽ കയറി മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നവർ. കുട്ടികളുമായി എത്തുന്ന സ്ത്രീകൾ. കണ്ടെയ്നർ കെട്ടിനിർത്തിയ വിവരം അറിഞ്ഞതോടെ ആളുകളെ 200 മീറ്റർ അകലേയ്ക്ക് മാറ്റാനും ആരും കണ്ടെയ്നറിൽ തൊടരുതെന്നും കലക്ടറുടെ നിർദേശമെത്തി. പൊലീസ് റിബൺ കെട്ടിയെങ്കിലും അതു മറികടന്നു പലപ്പോഴും കാണികൾ കണ്ടെയ്നറുകൾക്ക് സമീപം എത്തി. 10 മണിയോടെയാണ് കപ്പലിലെ റസ്ക്യു ബോട്ട് തിരയടിച്ചു തീരത്ത് എത്തിയത്. ഒരു കണ്ടെയ്നർ തിരയടിച്ചു പൊട്ടി ഗന്ധം പടർന്നത് ആശങ്കയുണ്ടായി. ഗ്രീൻ ടീ ആണെന്ന അറിഞ്ഞതോടെയാണ് സമാധാനമായത്. പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന രക്ഷാ സേന, കസ്റ്റംസ് ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ശക്തികുളങ്ങരയിൽ കേന്ദ്രീകരിച്ചു.
ഞായർ രാത്രി ആദ്യം കണ്ടെയ്നർ തീരത്തടിഞ്ഞ ചെറിയഴീക്കലിൽ രണ്ടാമത്തെ കണ്ടെയ്നർ രാവിലെ 10 മണിയോടെയാണ് അടിഞ്ഞത്. ഇതോടെ കണ്ടെയ്നറുകൾ കാണാൻ തിരക്കായി. റോഡിൽ വാഹന നിര നീണ്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് എത്തിയത്. ഇതിനിടയിൽ കണ്ടെയ്നർ തകർന്നു കെട്ടുകൾ തിരയടിച്ചു സമീപത്തെ ഫുട്ബോൾ മൈതാനത്തേക്ക് കയറി. എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പൊലീസ് കാണികളെ ദൂരേക്ക് മാറ്റിയെങ്കിലും മടങ്ങിപ്പോകാൻ മടിച്ചു പലരും അവിടെ നിന്നു.
ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസിന്റെ നേതൃത്വത്തിൽ പൊലീസിനും മറ്റും ഭക്ഷണം എത്തിച്ചു. ഉച്ചകഴിഞ്ഞതോടെ കൂടുതൽ കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞു. തിരുമുല്ലവാരം, മരുത്തടി, ശക്തികുളങ്ങര പുലിമുട്ട്,പരിമണം, പുത്തൻതുറ, ബീച്ചിനു സമീപം വെടിക്കുന്ന്, എന്നിവിടങ്ങളിലെല്ലാം കണ്ടെയ്നർ തീരത്ത് അടിഞ്ഞു. പലയിടത്തു കാണികളുടെ തിരക്ക്. അഴിക്കൽ മുതൽ ബീച്ചിനു സമീപം വെടിക്കുന്ന് വരെ 34 കണ്ടെയ്നർ തീരത്ത് എത്തി. ഇതിൽ രണ്ടെണ്ണം തിരുമുല്ലവാരം ക്ഷേത്രത്തിനു സമീപം പാരിൽ തട്ടി താഴ്ന്ന നിലയിലാണ്. രാത്രിയും കണ്ടെയ്നർ എത്തിക്കൊണ്ടിരിക്കുന്നു.
വസ്തുക്കൾ വ്യക്തമാക്കണം: മത്സ്യത്തൊഴിലാളി കോൺഗ്രസ്
കണ്ടെയ്നറുകളിലെ വസ്തുക്കൾ എന്തെല്ലാമാണെന്ന് ബന്ധപ്പെട്ട അധികൃതർ ഉടൻ വ്യക്തമാക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്. ഈ പ്രശ്നങ്ങൾ കടലിനെയും കടൽ മത്സ്യമേഖലയെയും എത്ര നാൾ ബാധിക്കുമെന്നും വ്യക്തമാക്കണം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സം നേരിടുന്നതിനാൽ കേരളത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ധനസഹായം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് ജി.ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ജോസ് വിമൽരാജും ആവശ്യപ്പെട്ടു.