ചവറ∙ ചവറയിൽ യുഡിഎഫിനു തകർപ്പൻ ജയം. 2 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ചവറ, നീണ്ടകര, പന്മന, തേവലക്കര എന്നീ ഗ്രാമപ്പഞ്ചായത്തുകളിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിനു വിജയം.
തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് എൽഡിഎഫ് നേടിയപ്പോൾ പന്മന ഗ്രാമപ്പഞ്ചായത്തിലെ 24 വാർഡുകളിൽ 22 വാർഡുകളിലും യുഡിഎഫ് തേരോട്ടം നടത്തി. ഇവിടെ രണ്ടിടത്ത് മാത്രമാണ് എൽഡിഎഫിനു വിജയം.വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ എൽഡിഎഫും യുഡിഎഫും സീറ്റു നിലയിൽ മാറി മാറിഞ്ഞു ഒപ്പത്തിനൊപ്പം നീങ്ങി.ക്ലൈമാക്സിൽ ഒരു സീറ്റ് അധികം നേടി യുഡിഎഫ് ഭരണം നിലനിർത്തി.
ഇവിടെ ചവറ ഗ്രാമപ്പഞ്ചായത്തിൽ കോട്ടയ്ക്കകം വാർഡിൽ ഒരു വോട്ടിനാണ് എൽഡിഎഫ് വിജയിച്ചത്.
ഇതിൽ യുഡിഎഫ് തർക്കം ഉന്നയിച്ചതിനെത്തുടർന്ന് വീണ്ടും റീ കൗണ്ടിങ് നടത്തിയപ്പോൾ വിജയം എൽഡിഎഫിനായിരുന്നു. എന്നാൽ പോസ്റ്റൽ ബാലറ്റിൽ തർക്കം ഉന്നയിച്ച് യുഡിഎഫ് പരാതി നൽകുമെന്നു പറഞ്ഞു.
തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് 14–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഒരു വോട്ടിനാണ് വിജയിച്ചത്. ബ്ലോക്ക് പരിധിയിൽ ബിജെപി 5 വാർഡുകളിൽ വിജയിച്ചു.
കഴിഞ്ഞതവണ 2 വാർഡുകളിലായിരുന്നു വിജയം.
രാവിലെ 8. 15 കഴിഞ്ഞാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
ഉച്ചയ്ക്ക് മുൻപ് ചവറ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും വോട്ടെണ്ണൽ പൂർത്തിയായിരുന്നു. എന്നാൽ ചവറയിൽ രാവിലെ മുതൽ തന്നെ മന്ദഗതിയിലായിരുന്നു വോട്ടെണ്ണൽ.
വൈകിട്ട് 5 മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ജില്ലാ പഞ്ചായത്ത് ചവറ യുഡിഎഫ് സ്ഥാനാർഥി ഐ.ജയലക്ഷ്മി, തേവലക്കര യുഡിഎഫ് സ്ഥാനാർഥി ആർ.അരുൺരാജ് എന്നിവർ വിജയിച്ചു.
വോട്ടെണ്ണൽ കേന്ദ്രമായ ചവറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ മുതൽ തന്നെ ഫലം അറിയാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.
ചവറ യുഡിഎഫ് 12, എൽഡിഎഫ് 11, ബിജെപി 1.
തേവലക്കര. യുഡിഎഫ് 15, എൽഡിഎഫ് 9.
പന്മന യുഡിഎഫ് 22, എൽഡിഎഫ് 2.
തെക്കുംഭാഗം.
യുഡിഎഫ് 5, എൽഡിഎഫ് 6, ബിജെപി 3.
ബ്ലോക്ക് പഞ്ചായത്ത്. യുഡിഎഫ് 9, എൽഡിഎഫ് 5.
നീണ്ടകരയിൽ അട്ടിമറി വിജയം
നീണ്ടകരയിൽ അട്ടിമറി ജയം നീണ്ടകരയിൽ യുഡിഎഫിനു അട്ടിമറി വിജയം.
15 വർഷത്തിനു ശേഷം നീണ്ടകര ഗ്രാമപ്പഞ്ചാത്ത് എൽഡിഎഫിൽ നിന്നു യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 7, എൽഡിഎഫ് 5, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില. ജില്ലാ പഞ്ചായത്ത് തേവലക്കര ഡിവിഷൻ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു.
ഇവിടെ ഡിസിസി ഉപാധ്യക്ഷൻ ആർ.അരുൺ രാജ് വിജയിച്ചു.
എൽഡിഎഫിന് തന്ത്രം ‘പാളി’
ചവറയിൽ യുഡിഎഫിന്റെ തകർപ്പൻ വിജയം. എൽഡിഎഫിനു കനത്ത ആഘാതം.
സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളായ വി.മധു, വിക്രമക്കുറുപ്പ്, പി.ആർ.രജിത്ത്, ഷീന പ്രസാദ്, കെ.സുരേഷ് ബാബു, ലതീഷൻ പിള്ള എന്നിവർ പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്ത് തേവലക്കര ഡിവിഷനിൽ മത്സരിച്ച സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഐ.ഷിഹാബ് പരാജയപ്പെട്ടു.
തേവലക്കര മുള്ളിക്കാല തെക്ക് 10–ാം വാർഡിൽ മത്സരിച്ച വി.മധു മൂന്നാം സ്ഥാനത്തേക്ക് പോയി. ഇവിടെ വിമതൻ രണ്ടാം സ്ഥാനത്ത് എത്തി.
പന്മനയിൽ 24 വാർഡുകളിൽ 2 വാർഡുകളിൽ ഒതുങ്ങേണ്ടിവന്നത് നാണക്കേടായി.
മത്സ്യഫെഡ് ചെയർമാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായി ടി.മനോഹരന്റെ നീണ്ടകര ഗ്രാമപ്പഞ്ചായത്ത് 10 വാർഡിൽ യുഡിഎഫിലെ ഹെലൻ രാജൻ തുടർച്ചയായി വിജയം നേടി. 157 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതും എൽഡിഎഫിനു കനത്ത തിരിച്ചടിയായി.
ചവറ എംഎൽഎയുടെ വാർഡായ മടപ്പള്ളിയിൽ ഏരിയ കമ്മിറ്റിയംഗം വിക്രമക്കുറുപ്പ് പരാജയപ്പെട്ടതും നാണക്കേടായി.
20 വർഷത്തിനുശേഷമാണ് വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചത്. യുഡിഎഫിൽ തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ സോഫിയ സലാം, ഐഎൻടിയുസി നേതാവ് ചവറ ഹരീഷ്കുമാർ, മഹിള നേതാവ് പ്രഭ അനിൽ എന്നിവർ പരാജയപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

