കൊല്ലം ∙ ബലക്ഷയം ഉണ്ടെന്നു കണ്ടെത്തിയ കെട്ടിടം പൊളിച്ചു മാറ്റാൻ നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ. മയ്യനാട് പഞ്ചായത്ത് ഒാഫിസിന്റെ ‘മൂക്കിനു താഴെ’ സ്ഥിതി ചെയ്യുന്ന കാലപ്പഴക്കം ചെന്ന ബഹുനില ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു നീക്കാനുള്ള നടപടികളാണു വൈകുന്നത്.
കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നു പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം കണ്ടെത്തിയതോടെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. പിന്നീട് താഴത്തെ കടകളും ഉടൻ ഒഴിയണമെന്നു കാട്ടി വ്യാപാരികൾക്കു പഞ്ചായത്ത് നോട്ടിസ് നൽകി.
എന്നാൽ, ചില വ്യാപാരികൾ ഇനിയും മാറാൻ തയാറായിട്ടില്ല.
നോട്ടിസ് നൽകിയിട്ടും ഒഴിയാൻ തയാറാകാത്തവരെ ഒഴിപ്പിക്കാൻ നിയമനടപടികൾ സ്വീകരിക്കും എന്നാണു കഴിഞ്ഞ ജനുവരിയിൽ പഞ്ചായത്ത് അധികൃതർ പറഞ്ഞത്. 8 മാസം കഴിഞ്ഞിട്ടും ഇതു പ്രാവർത്തികം ആക്കുവാനോ കെട്ടിടം പൊളിച്ചു നീക്കുവാനോ അധികൃതർക്കു കഴിഞ്ഞിട്ടില്ല.
അതേസമയം, വ്യാപാരികളെ ഒഴിപ്പിക്കുന്നതിൽ പഞ്ചായത്ത് ഇരട്ടത്താപ്പാണ് സ്വീകരിച്ചത് എന്ന് നോട്ടിസ് ലഭിച്ച് ഇവിടെ നിന്നു മാറിപ്പോയ വ്യാപാരികൾ ആരോപിക്കുന്നു.
ബലക്ഷയമുള്ള പഞ്ചായത്തു ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു നീക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അടിയന്തരമായി പൊളിച്ചു നീക്കണമെന്നു മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.അജിത്ത്, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.നാസർ, പഞ്ചായത്തംഗങ്ങളായ ആർ.എസ് അബിൻ, മയ്യനാട് സുനിൽ എന്നിവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]