കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിശേഖരവുമായി രണ്ടുപേർ പിടിയിലായി. 30 ലക്ഷം രൂപയോളം വിപണി വിലമതിക്കുന്ന ലഹരി ഗുളികകളുമായി ഇരവിപുരം സ്വദേശിയെയും, 51.59 ഗ്രാം എംഡിഎംഎയുമായി ചിറക്കരത്താഴം സ്വദേശിയെയുമാണ് അധികൃതർ പിടികൂടിയത്.
ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവ്യർ (36) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 6200 വേദന സംഹാരി ഗുളികകളും മറ്റ് ഇനത്തിൽപ്പെട്ട
20 ഗുളികകളും കണ്ടെടുത്തു. ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വാളത്തുംഗൽ ഗുരുമന്ദിരം ജംക്ഷനിലെ ഇടറോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ജില്ലയിൽ ലഹരി ഗുളികകളുടെ വിതരണത്തിലെ പ്രധാന കണ്ണിയാണ് ടിന്റു സേവ്യർ എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ, പാരിപ്പള്ളി ചിറക്കരത്താഴം രാഹുൽ നിവാസിൽ രാഹുൽ രാജിനെ (32) ഡാൻസാഫ് സംഘവും പാരിപ്പള്ളി പൊലീസും ചേർന്നാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ചിറക്കരത്താഴം വാഴവിള ജംക്ഷനു സമീപം വെച്ചാണ് 3 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 51.59 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്.
2023 മുതൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം ലഹരിമരുന്ന് എത്തിച്ച് കാരിയർമാർ വഴി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മുൻപ് പലതവണ പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി പ്രതി രക്ഷപ്പെടുകയായിരുന്നു. കിളികൊല്ലൂരിലെ എംഡിഎംഎ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് രാഹുലിനെക്കുറിച്ചുള്ള കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

