മൺറോതുരുത്ത്∙ പെരുമൺ പേഴുംതുരുത്ത് പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി മൺറോതുരുത്ത് സന്ദർശനത്തിനിടെ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പാലത്തിന്റെ നിർമാണം അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാക്കും. 435 മീറ്റർ നീളമുള്ള പാലത്തിന്റെ 13 സ്പാനുകളിൽ 10 എണ്ണത്തിന്റെ നിർമാണം പൂർത്തിയാക്കി.
ശേഷിക്കുന്ന മൂന്ന് സ്പാനുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് വളരെയേറെ സ്വീകാര്യതയുള്ള വിനോദ സഞ്ചാര കേന്ദ്രമായ മൺറോ തുരുത്തിന്റെ സൗന്ദര്യം ലോകത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കും.
പെരുമൺ പാലം ജില്ലയുടെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന വികസനമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ ഫാം ടൂറിസത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തും. ജൈവവൈവിധ്യ സർക്കീറ്റ് പൂർത്തിയാകുന്നതോടെ കായൽ, കടൽ, മലയോരം എന്നിവ നിറഞ്ഞ തുറമുഖ നഗരമായ കൊല്ലം മാറും.
ബ്രേക്ക് വാട്ടർ ടൂറിസം, അഡ്വഞ്ചർ സ്പോട്ട് ടൂറിസം, ജൈവവൈവിധ്യം എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര വികസനമാകും ജില്ലയിൽ സാധ്യമാക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
എസ് വളവിൽ നിന്ന് ആരംഭിച്ച് യാത്ര പെരുമൺ പാലം വഴി കാരുത്രക്കടവിൽ അവസാനിച്ച ശിക്കാര വള്ളത്തിലെ യാത്രയിൽ മൺറോ തുരുത്തിലെ വിനോദസഞ്ചാര സാധ്യതകൾ അദ്ദേഹം വിലയിരുത്തി.
ടൂറിസം അഡീഷനൽ സെക്രട്ടറി ഡി. ജഗദീഷ്, ഡപ്യൂട്ടി ഡയറക്ടർ ഷാനവാസ് ഖാൻ, ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവൻ, കെആർഎഫ്ബി ടീം ലീഡർ പി.
ആർ മഞ്ജുഷ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ നിഷ, പ്രിയ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

