കൊല്ലം∙ നിത്യേന നൂറുകണക്കിനു രോഗികൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രി സൗകര്യങ്ങളില്ലാതെ ‘അത്യാസന്ന’ നിലയിൽ. ജീവനക്കാരുടെ കുറവു മുതൽ കിടക്കകളുടെ കുറവു വരെ ഒട്ടേറെ പരിമിതികളുമായി രോഗികളും ആശുപത്രി അധികൃതരും നെട്ടോട്ടമോടുമ്പോൾ ആരോഗ്യ വകുപ്പിനോ ആശുപത്രിയുടെ നിയന്ത്രണമുള്ള ജില്ലാ പഞ്ചായത്തിനോ കൂസലില്ല.
ഒബ്സർവേഷൻ റൂമിൽ കിടക്കകൾ ഇല്ലാത്തതു മുതൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് നടുവിലാണ് ജില്ലാ ആശുപത്രി. ഓക്സിജൻ പ്ലാന്റിന് സമീപത്തുള്ള ഗുരുതര ഭീഷണി ഉയർത്തുന്ന തട്ടുകടകൾ പോലും രോഗികളുടെ സുരക്ഷയെ ബാധിക്കുമ്പോൾ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാതെ ‘ഇവിടെ ഇങ്ങനെയാണെന്ന’ മനോഭാവം വച്ചുപുലർത്തുകയാണ് അധികൃതരും.
ക്ഷമയാണ് വേണ്ടത്
‘രാവിലെ 9.30നു ഒ.പിടിക്കറ്റെടുക്കുന്നതിനു വേണ്ടി ടോക്കൺ എടുത്തതാണ്.
11.30 ആയിട്ടും ടോക്കൺ നമ്പർ വിളിച്ചിട്ടില്ല. രണ്ടരമണിക്കൂറായി ഒറ്റ നിൽപാണ്’– ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിനു സമീപത്തെ വലിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് സർജനെ കാണാനെത്തിയ രോഗികളിലൊരാൾ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിനായി അൻപതു വീതം ടോക്കണാണ് വിളിക്കുന്നതെങ്കിലും ക്യൂവിന് കുറവില്ല. നീണ്ട
നേരം ക്യൂവിൽ നിൽക്കുന്നതിനു പകരമായി രോഗികൾക്ക് ഇരിക്കാൻ ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു നിറഞ്ഞു കവിയുന്നതിനാൽ കൗണ്ടർ പടവുകളിൽ പോലും രോഗികൾ തിങ്ങിനിറഞ്ഞ നിലയിലാണ്. പെട്ടെന്ന് ഡോക്ടറെ കണ്ട് തിരികെ പോകുന്നതിനായി ജോലിസ്ഥലങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എത്തുന്നവർ ക്യൂവിൽ പെട്ടു പോകുന്നത് പതിവാണ്.
ഒരുപാട് നേരം കാത്തുനിൽക്കാൻ ക്ഷമയില്ലാത്തവർ ടോക്കൺ ആവശ്യക്കാർക്ക് നൽകി മടങ്ങിപ്പോകുന്നതും സ്ഥിരം കാഴ്ചയാണ്.
കഷ്ടത്തിലാണ്‘ഒബ്സർവേഷൻ’
ജില്ലാ ആശുപത്രി കവാടം കടന്ന് വലതുവശത്തേക്കെത്തിയാൽ അത്യാഹിത വിഭാഗമായി. ഇതിനുള്ളിലാണ് ഒബ്സർവേഷൻ വാർഡുകൾ.
സ്ത്രീകളുടെയും പുരുഷൻമാരുടെയും ഒബ്സർവേഷൻ വാർഡുകളിൽ 4 കിടക്കകൾ വീതമാണുള്ളത്. പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവരെയുൾപ്പെടെ ഒബ്സർവേഷൻ മുറിയിലേക്ക് എത്തിക്കുമ്പോൾ കിടക്കകളുടെ എണ്ണം കുറവായതിനാൽ രണ്ടുപേർ ഒരു കിടക്കയിൽ കിടക്കേണ്ട
അവസ്ഥയാണ്. രണ്ടു വശങ്ങളിലായി ഡ്രിപ്പ് സ്റ്റാൻഡ് വച്ചാണ് ഡ്രിപ്പ് നൽകുന്നത്.
കിടക്കാൻ സ്ഥലം ഇല്ലാത്തതു മൂലം രോഗിയെ ഇരുത്തി ഡ്രിപ്പ് നൽകുന്നതും പതിവാണ്.
രോഗികളുടെ ജീവന് സുരക്ഷയുണ്ടോ?
ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന് സമീപം വീണ്ടും തട്ടുകടകൾ സജീവം. ഓക്സിജൻ പ്ലാന്റിന് സമീപം തീയോ പുകയോ പാടില്ലെന്ന നിബന്ധന ലംഘിച്ചാണ് തട്ടുകടകളുടെ പ്രവർത്തനം.
മാത്രമല്ല പാചകവാതകം, മണ്ണെണ്ണ എന്നിവ ഉപയോഗിച്ചുള്ള തട്ടുകടകളുടെ പ്രവർത്തനം ജില്ലാ ആശുപത്രിയിലെ മരുന്നു സംഭരണശാലയ്ക്കും മെഷീനറികളുടെ സുരക്ഷയ്ക്കും ആശുപത്രിയിലെത്തുന്നവരുടെ ജീവനും വലിയ ഭീഷണി ഉയർത്തുന്നു. മാസങ്ങൾക്കു മുൻപ് കടകൾ ഒഴിപ്പിച്ചിരുന്നെങ്കിലും വീണ്ടും പഴയപടി പ്രവർത്തിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

