ചവറ ∙ ശങ്കരമംഗലത്തെ അടിപ്പാത തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കോടതികൾ, സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫിസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎംഎംഎൽ എംഎസ് യൂണിറ്റ്, സ്പോഞ്ച് യൂണിറ്റ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ ആയിരക്കണക്കിനു പേരാണു ദിവസവും വിവിധ ആവശ്യങ്ങളുമായി എത്തുന്നത്.
അടിപ്പാത പൂർത്തിയായി വർഷം 2 കഴിഞ്ഞിട്ടും തുറന്നു നൽകാൻ നടപടിയില്ല. ഉയരപ്പാത നിർമാണം ഇരുവശത്തും പൂർത്തിയായിട്ടും ഇല്ല.
സർവീസ് റോഡു വഴിയാണ് ഇവിടെ വാഹനങ്ങൾ കടത്തിവിടുന്നത്. കൊല്ലം, കോവിൽത്തോട്ടം ഭാഗങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരാണ് ഏറെ വലയുന്നത്.
വൺവേ ആയതിനാൽ ഈ ഭാഗങ്ങളിൽ നിന്നു കോയിവിള റോഡിലേക്കു പ്രവേശിക്കണമെങ്കിൽ ഒരു കിലോമീറ്റർ മുന്നോട്ടു പോയി ടൈറ്റാനിയം ജംക്ഷനിലെ അടിപ്പാത വഴി വീണ്ടും ഒരു കിലോമീറ്റർ സഞ്ചരിച്ചു വേണം ശങ്കരമംഗലത്ത് എത്താൻ.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇതൊഴിവാക്കാൻ വൺവേ തെറ്റിച്ചു മുന്നോട്ടു പോയി വലത്തോട്ടു തിരിയുന്നത് അപകടത്തിനു കാരണമാകുന്നുണ്ട്. പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചികോത്സവം ആരംഭിക്കുന്നതിനു മുൻപ് അടിപ്പാത തുറന്നുനൽകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അതോടൊപ്പം ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ ശങ്കരമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുകയുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

