കൊല്ലം ∙ പാചകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടർ ചോർന്ന് അടുക്കളയ്ക്കു തീപിടിച്ചു. ഇന്നലെ രാത്രി 7.15ന് ആണ്ടാമുക്കത്ത് ആണു സംഭവം. ഫ്രൂട്ട്സ് കടയിലെ തൊഴിലാളികളായ ഇതര സംസ്ഥാന തൊഴിലാളികൾ ഇതേ കടയുടെ മുകളിലത്തെ നിലയിലെ റൂമിലാണു താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ഇവർ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ ചോർന്ന് അടുക്കളയിൽ തീ പടരുകയായിരുന്നു.
ഈ സമയം റൂമിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി.
തുടർന്നു ചാമക്കടയിൽ നിന്ന് 2 യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലുടെ തീ അണയ്ക്കുകയായിരുന്നു.
അടുക്കള പൂർണമായും കത്തി നശിച്ച് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പറയപ്പെടുന്നു. സിലിണ്ടറിൽ നിന്നു സ്റ്റൗവിലേക്കു കണക്ട് ചെയ്തിരുന്ന ട്യൂബിന്റെ തകരാർ മൂലമാണു തീപിടിത്തം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. ചാമക്കട
സ്റ്റേഷൻ ഓഫിസർ ഡി.ഉല്ലാസ്, അസി. സ്റ്റേഷൻ ഓഫിസർ എസ്.മണിയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ബി.സന്ദീപ്, മുകേഷ്, ദിലീപ് കുമാർ, കൃഷ്ണനുണ്ണി, ഫൈസൽ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ സജി, സൂര്യകാന്ത് എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

