ആക്രിയായി വാങ്ങിയ അലമാരയിൽ നിന്നും ലഭിച്ച സ്വർണമാലയും ഒറ്റക്കമ്മലുമായി ഉടമയെത്തേടിയുള്ള മൂന്ന് പേരുടെ യാത്രയ്ക്ക് വിജയകരമായ പരിസൃതി. ആക്രിക്കട
ഉടമയും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ സ്വർണം യഥാർത്ഥ ഉടമയായ വിജയമ്മയ്ക്ക് തിരികെ ലഭിച്ചു. ഓച്ചിറ കാവനാൽ ആക്രിക്കടയുടെ ഉടമ റിജൂസ് കാവനാൽ, കൊല്ലം– ആലപ്പുഴ ജില്ലകളിലെ വീടുകളിൽനിന്ന് ആക്രി ശേഖരിച്ചു വിൽപന നടത്തുന്ന ഓച്ചിറ കൊച്ചുമുറി അദീബ മൻസിൽ റഷീദ്, പൊതുപ്രവർത്തകൻ രതീഷ് ബാബു എന്നിവരാണ് 40 ദിവസത്തിനുശേഷം വിജയമ്മയെ നേരിട്ടെത്തി സ്വർണം കൈമാറിയത്.
കഴിഞ്ഞ ഓഗസ്റ്റ് 22നു റഷീദാണു പഴയ സ്റ്റീൽ അലമാരകൾ വിവിധ വീടുകളിൽനിന്നു ശേഖരിച്ച് ആക്രിക്കടയിൽ എത്തിച്ചത്. തുടർന്ന് അലമാര പൊളിച്ചു മാറ്റുന്നതിനിടയിലാണ് ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ ഇത് ആരുടേതാണെന്ന് കണ്ടെത്താൻ പ്രാഥമികമായി സാധിച്ചിരുന്നില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ആക്രി സാധനങ്ങൾ ശേഖരിച്ച വീടുകൾ നേരിട്ട് സന്ദർശിക്കാൻ മൂവരും തീരുമാനിക്കുകയായിരുന്നു.
അങ്ങനെ മാവേലിക്കര കുറത്തികാട് അമ്മഞ്ചേരി ക്ഷേത്രത്തിനുസമീപം വിജിത്ത് ഭവനത്തിൽ വിജയമ്മയുടെ (70) വീട്ടിൽ സംഘം എത്തിയപ്പോഴാണ് തനിക്ക് സ്വർണം നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത് തന്നെ.
തന്റെ കൊച്ചുമകൾക്കു കൈമാറാൻ കരുതിവെച്ചിരുന്ന ആഭരണങ്ങൾ അപ്രതീക്ഷിതമായി തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിൽ കണ്ണീരോടെ വിജയമ്മ പ്രതികരിച്ചു: ‘നിങ്ങൾ തിരിച്ചുതന്നത് എന്റെ നിധിയാണു മക്കളേ….’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

