ആര്യങ്കാവ്∙ ശബരിമല തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ വാഹനം പാർക്കു ചെയ്യാനിടമില്ലാതായ ക്ഷേത്രം കവലയിൽ ഇന്നലെയും വാഹനക്കുരുക്ക്. തിരുമംഗലം ദേശീയപാതയിൽ 2 മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിൽ തീർഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്തതോടെ ഇരുദിശകളിലേക്കും പോകാൻ കഴിയാതെ വാഹനങ്ങൾ കുടുങ്ങി.
മണ്ഡലകാലവുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങളിലെ തീരുമാനങ്ങൾ ഇതോടെ പെരുവഴിയിലായി.
കൊല്ലം, തെങ്കാശി പൊലീസ് വിഭാഗങ്ങളുടെ സുരക്ഷാ യോഗത്തിലെ തീരുമാനങ്ങളിലും പാളിച്ച. തെങ്കാശിയിലേക്കും തിരിച്ചും പോകേണ്ടിയിരുന്ന കെഎസ്ആർടിസി, തമിഴ്നാട് ആർടിസി ബസുകളും മറ്റു യാത്രാ വാഹനങ്ങളും തീർഥാടക വാഹനങ്ങളും ഇന്നലെ കുരുക്കിൽപെട്ടു.
ക്ഷേത്രം കവലയിലെ ഗതാഗതപ്രതിസന്ധി കോട്ടവാസൽ വരെ വാഹനഗതാഗതം ദുരിതത്തിലാക്കി.
റെയിൽവേ സ്റ്റേഷൻ കവലയിലേക്ക് നീണ്ട വാഹനങ്ങൾ പിന്നീട് കോട്ടവാസൽ വരെയെത്തി.
പാർക്കു ചെയ്ത വാഹനങ്ങൾ നീക്കി കുരുക്കിലായ വാഹനങ്ങൾ കടത്തിവിട്ടതോടെയാണു ദുരിതം വഴിമാറിയത്. സമാനമായ ഗതാഗതക്കുരുക്കിൽ രണ്ടുദിവസം മുൻപും വാഹനങ്ങൾ കുടുങ്ങിയിരുന്നു.
ചരക്കു വാഹനങ്ങളുടെ പോക്കുവരവിൽ നിയന്ത്രണം ഏർപ്പെടുത്താത്തതും തിരിച്ചടിയായി. അമിത വേഗത്തിലോടുന്ന വാഹനങ്ങളുടെ കൂട്ടിയിടിയും പതിവായി.
തിരക്ക് ശക്തമായതിനാൽ വാഹനഗതാഗതം ക്രമീകരിക്കുന്നതിൽ പൊലീസിന്റെ നിയന്ത്രണങ്ങൾ പാളുന്നു. രാത്രിയിലായാണു പ്രതിസന്ധി രൂക്ഷം.
ദേശീയപാതയോരത്ത് അനധികൃതമായി സ്ഥാപിച്ച പെട്ടിക്കടകൾ നീക്കം ചെയ്യാത്തതിനാൽ തീർഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്യാനിടമില്ല.
പെട്ടിക്കടകൾ നീക്കം ചെയ്തു തീർഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് മണ്ഡലകാലം തുടങ്ങിയപ്പോൾ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. പെട്ടിക്കടകളിൽ ഭൂരിഭാഗവും ലോട്ടറി വിൽപന കേന്ദ്രങ്ങൾ ആണ്.
ദേശീയപാത വിഭാഗവും ഗ്രാമപ്പഞ്ചായത്തും നടപടി എടുക്കാത്തതാണു പ്രതിസന്ധിക്ക് പരിഹാരം ഇല്ലാത്തതെന്നാണു പരാതി. ആര്യങ്കാവിലെ ദേശീയപാത പുറമ്പോക്കിലെ അനധികൃത കയ്യേറ്റങ്ങളും പെട്ടിക്കടകളും നീക്കാൻ 2 വർഷമായി ഗ്രാമപ്പഞ്ചായത്തും ദേശീയപാത വിഭാഗവും ശ്രമിച്ചിട്ടും ഫലമുണ്ടായിരുന്നില്ല.
കയ്യേറ്റങ്ങളും കടകളും സ്വയം നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയിരുന്ന മുന്നറിയിപ്പ് നോട്ടിസ് എല്ലാം പാഴായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

