നീണ്ട 52 ദിവസത്തെ ഇടവേളയ്ക്ക് വിരാമമിട്ട് സംസ്ഥാനത്ത് ട്രോളിങ് നിരോധനം പിൻവലിച്ചു.
പുതിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. ഇന്നലെ അർധരാത്രിയോടെ കടലിലേക്ക് നീങ്ങിയ ബോട്ടുകൾ ഇന്നു രാവിലെ മുതൽ തന്നെ തീരത്തേക്ക് മടങ്ങിയെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ആഴക്കടൽ മത്സ്യബന്ധനത്തിനായി പോയിട്ടുള്ള യാനങ്ങൾ മടങ്ങിയെത്താൻ ഒരാഴ്ചയോ അതിൽ കൂടുതലോ ദിവസങ്ങൾ എടുത്തേക്കാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹാർബറുകളും അനുബന്ധ പ്രദേശങ്ങളും വലിയ തയാറെടുപ്പുകളിലായിരുന്നു.
ഇന്നലെ ഉച്ചയോടെ തന്നെ മുഴുവൻ മത്സ്യത്തൊഴിലാളികളും യാനങ്ങളിലേക്ക് എത്തിച്ചേർന്നിരുന്നു. ശക്തികുളങ്ങര പാലത്തിന്റെ തൂണുകൾ തമ്മിൽ ബന്ധിപ്പിച്ച് കെട്ടിയിരുന്ന ചങ്ങല ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ അഴിച്ചുമാറ്റിയതോടെയാണ് ബോട്ടുകൾക്ക് കടലിലേക്ക് പുറപ്പെടാൻ സാധിച്ചത്. ബോട്ടുകൾ ഒരേസമയം കൂട്ടത്തോടെ പുറത്തേക്ക് പോകുമ്പോഴുള്ള യാത്രാതടസ്സങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നും പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
ഈ സീസണിൽ കിളിമീൻ, ചെമ്മീൻ, അയല എന്നിവ സമൃദ്ധമായി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് മത്സ്യബന്ധന മേഖലയിലെ പ്രമുഖരും തൊഴിലാളികളും. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെമ്മീൻ, കിളിമീൻ, കണവ എന്നിവ മികച്ച രീതിയിൽ ലഭിച്ചിരുന്നു.
ശക്തികുളങ്ങര ഹാർബറിൽ ഇന്നു പുലർച്ചെ മുതൽ തന്നെ അനുബന്ധ തൊഴിലാളികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രദേശത്തെ കച്ചവട
സ്ഥാപനങ്ങളും പുലർച്ചെ മുതൽ തന്നെ സജീവമായി പ്രവർത്തിച്ചുതുടങ്ങി. നീണ്ടകര ഹാർബറും സജീവമായ പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്.
കടലിൽ പോയ ബോട്ടുകളെ വരവേൽക്കാനും മത്സ്യങ്ങളുടെ ലേലം വിളിക്കുമായി ഹാർബറുകൾ വീണ്ടും തിരക്കിലമർന്നു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

