പയ്യന്നൂർ ∙ പണിതിട്ടും പണി തീരാത്തൊരു റെയിൽവേ സ്റ്റേഷൻ. അത് പയ്യന്നൂരിലാണ്.
അമൃത് ഭാരത് പദ്ധതിയിൽ 31.24 കോടി രൂപയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് അനുവദിച്ചത്. രാജ്യത്തെ 272 റെയിൽവേ സ്റ്റേഷനുകൾക്കൊപ്പം 2023 ഓഗസ്റ്റ് 6ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലും നിർമാണം തുടങ്ങി.
ഒപ്പം നിർമാണം തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞു. എന്നാൽ പയ്യന്നൂരിൽ ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്.
നിർമാണത്തിന് വിരലിലെണ്ണാവുന്ന തൊഴിലാളികളാണുള്ളത്. സ്റ്റേഷന് കിഴക്കും പടിഞ്ഞാറും പാർക്കിങ് സംവിധാനമൊരുക്കി റെയിൽവേ വരുമാനമുണ്ടാക്കാൻ തുടങ്ങിയെങ്കിലും പ്രധാന കവാടത്തിന്റെ നിർമാണം പൂർത്തിയാക്കാനായില്ല.
അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷന് പുതിയ മുഖം ഇനിയും വന്നില്ല.
ലിഫ്റ്റുകളുടെ പണിയും നടന്നുകൊണ്ടിരിക്കുന്നു. പുതിയ ഫൂട്ട് ഓവർ ബ്രിജ് നിർമിക്കണമെങ്കിൽ ഇലക്ട്രിക് വിഭാഗത്തിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റണം.
അതിന് പുതിയ കെട്ടിടത്തിന്റെ പണി നടക്കുകയാണ്. അത് പൂർത്തിയാക്കി ആ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റിയാൽ മാത്രമേ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള പഴയ കെട്ടിടം പൊളിച്ച് മേൽനടപ്പാലം നിർമിക്കാനാവൂ.
മേൽനടപ്പാലത്തിൽനിന്ന് ഇറങ്ങിയാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്താനുള്ള നടപ്പാത ഒരുക്കിയിട്ടുണ്ട്. ഈ നിർമാണം പൂർത്തിയായാൽ മാത്രമേ ഒന്നാംഘട്ടം പൂർത്തിയാവൂ.
വിവിധ സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടങ്ങൾ ഉൾപ്പെട്ട രണ്ടാംഘട്ടം ശേഷം തുടങ്ങും.
അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനം പൂർത്തിയായാൽ ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ച് 2003ൽ റെയിൽവേ അധികൃതർ പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു:സ്റ്റേഷന്റെ പ്രധാന കവാടം, പാർക്കിങ് സൗകര്യങ്ങൾ, ലിഫ്റ്റുകൾ, ഫൂട്ട് ഓവർ ബ്രിജ്, കാത്തിരിപ്പുമുറികൾ, ടോയ്ലറ്റുകൾ, സംയോജിത യാത്രാവിവര സംവിധാനം തുടങ്ങിയവ മെച്ചപ്പെടുത്തും.
കിഴക്കുഭാഗത്ത് പുതിയ കവാടം, ടിക്കറ്റ് കൗണ്ടർ, പാർക്കിങ് എന്നിവയും പടിഞ്ഞാറുഭാഗത്ത് ബഹുനില കെട്ടിടവും എസ്കലേറ്ററുകളും ലിഫ്റ്റുകളും. ഈ വികസനം സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും.
പ്രധാന വികസന പ്രവർത്തനങ്ങൾ
പാർക്കിങ്: വിപുലമായ പാർക്കിങ് സംവിധാനം, പ്രത്യേകമായി കാറുകൾക്ക് പേ പാർക്കിങ് സൗകര്യം.പുതിയ സൗകര്യങ്ങൾ: പുതിയ സ്റ്റേഷൻ കെട്ടിടം, അത്യാധുനിക ടോയ്ലറ്റുകൾ, കാത്തിരിപ്പ് മുറികൾ, സൗജന്യ വൈഫൈ.
യാത്രാ സൗകര്യങ്ങൾ: ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ഫൂട്ട് ഓവർ ബ്രിജുകൾ, പുതിയ പ്ലാറ്റ്ഫോമുകൾ, റൂഫ് ടോപ്പ് പ്ലാസകൾ. ഗതാഗത നിയന്ത്രണം: അനധികൃത പാർക്കിങ് ഒഴിവാക്കാനുള്ള നടപടികൾ, പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതികൾ.
വിവര സംവിധാനം: സംയോജിത യാത്രാവിവര സംവിധാനം, പുതിയ ബോർഡുകൾ, സൈനേജുകൾ. പ്രാദേശിക ഉൽപന്നങ്ങൾ: ഒരു സ്റ്റേഷൻ ഒരു ഉൽപന്നം പോലുള്ള പദ്ധതികൾക്കായി കിയോസ്കുകൾ.
ലക്ഷ്യം
ദീർഘകാലാടിസ്ഥാനത്തിലുള്ള തുടർച്ചയായ വികസനം സാധ്യമാക്കുക, സ്റ്റേഷനിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തി യാത്രക്കാർക്ക് മികച്ച അനുഭവം നൽകുക, സൈനിക കേന്ദ്രങ്ങളിലേക്കുള്ള പ്രധാന സ്റ്റേഷൻ എന്ന നിലയിൽ പയ്യന്നൂരിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമഗ്ര വികസനം ഉറപ്പാക്കുക, ഈ വികസന പ്രവർത്തനങ്ങൾ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യും.
ഓരോ മാസവും നിർമാണം വിലയിരുത്താൻ റെയിൽ അധികൃതർ പാലക്കാട്ടുനിന്ന് പയ്യന്നൂരിലെത്തും.
നിർമാണം വിലയിരുത്തി അവർ ഒരു തീയതി പറഞ്ഞ് അന്നേക്ക് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കും. ഒടുവിൽ നവംബർ 30 ആണ് പറഞ്ഞത്.
അതിനുശേഷം തീയതി പ്രഖ്യാപിക്കാൻ റെയിൽവേ അധികൃതരും തയാറായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

