ആറളം ഫാം പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും ജനജീവിതത്തിന് കനത്ത ഭീഷണിയായി തുടരുന്ന മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ശക്തമാക്കി. ഓപ്പറേഷൻ കണ്ണൂർ മഖ്ന (കെഎം1) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ദൗത്യം ഓണത്തിന് മുൻപ് പൂർത്തീകരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും, പ്രതികൂല കാലാവസ്ഥയും ആനയുടെ ഒളിത്താവളങ്ങളും തിരിച്ചടിയായതോടെയാണ് പ്രവർത്തനം ഓണത്തിനു ശേഷം പുനരാരംഭിച്ചത്.
ഏകദേശം ഒരു മാസം മുൻപാണ് ‘കണ്ണൂർ മഖ്ന’ എന്ന ഭീമൻ മോഴയാനയെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിച്ച് ആറളത്തുനിന്ന് സുരക്ഷിത വനമേഖലയിലേക്ക് മാറ്റണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയെങ്കിലും ആനയുടെ കൃത്യമായ സ്ഥാനം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി മേഖലയിൽ അത്യാധുനിക ക്യാമറകളും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും ആറാം ബ്ലോക്കിലും 12–ാം ബ്ലോക്കിലുമായി ആന സഞ്ചരിക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ നാല് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
എങ്കിലും, തുടർച്ചയായ ശക്തമായ മഴയും പ്രതികൂല സാഹചര്യങ്ങളും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. വനം നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ.
ഇല്യാസ് റാവുത്തർ, കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. ആനയെ മയക്കുവെടി വച്ച് പിടികൂടി പ്രത്യേക ആനക്കൊട്ടിലിലേക്ക് മാറ്റി ദിവസങ്ങളോളം ആരോഗ്യ നിരീക്ഷണം നടത്തിയ ശേഷം, റേഡിയോ കോളർ ഘടിപ്പിച്ച് മറ്റൊരു സംരക്ഷിത വനമേഖലയിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
ആറളത്ത് വെച്ച് പിടികൂടുന്ന മോഴയാനയെ മയക്കം വിടുന്നതിന് മുൻപ് തന്നെ ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം വയനാട് മുത്തങ്ങ എലിഫന്റ് ക്യാംപിൽ പ്രത്യേകം സജ്ജമാക്കുന്ന ആനക്കൊട്ടിലിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനായി ആവശ്യമായ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
എന്നാൽ കനത്ത മഴ കാരണം വയനാട് വനമേഖലയിൽ അടയാളപ്പെടുത്തിയ മരങ്ങൾ മുറിച്ചെടുക്കാനും, വനത്തിലെ മൺറോഡുകളിലൂടെ ലോറികൾ കൊണ്ടുപോകാനും കഴിയാത്തത് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മഴ കുറയുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
അതേസമയം, മോഴയാന പുനരധിവാസ മേഖല വിട്ടുപോയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ഉറച്ച നിലപാട്. 11-ാം ബ്ലോക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആനയെ നേരിട്ട് കണ്ടതായി നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പ്രത്യേകമായുള്ള പ്രകൃതിപരമായ കഴിവുകളും, നിരീക്ഷണ ക്യാമറകളിലും നേരിട്ടുള്ള പട്രോളിംഗിലും ആനപ്പെടാതിരിക്കുന്നതും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

