കണ്ണൂർ ജില്ലയിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നിർണായക വിജയം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാർഡ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.
എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി.രതീഷ് 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. മുൻപ് ഈ വാർഡിൽ 13 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് വിജയിച്ചിരുന്നത്.
മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർത്ഥി എ.കെ.സുരേഷ്കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.
കഴിഞ്ഞ തവണ 269 വോട്ടിനായിരുന്നു സിപിഎം ഈ വാർഡ് സ്വന്തമാക്കിയിരുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും ഇത്തവണ പോളിങ് ശതമാനം വർദ്ധിച്ചിരുന്നു.
മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ 83.52 ശതമാനവും, പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാർഡിൽ 85.5 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് യഥാക്രമം 82 ശതമാനവും 83.76 ശതമാനവുമായിരുന്നു.
കൗൺസിലറായിരുന്ന സിപിഎമ്മിലെ കെ.കെ.അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നാണ് ഉരുവച്ചാൽ വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ചിരുന്ന ബാവോട് ഈസ്റ്റിൽ കോൺഗ്രസ് പ്രതിനിധിയായ സുരേഷ് ബാബു തണ്ടാരത്തിന്റെ വേർപാടിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

