കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരിക്കൽ പോലും റേഷൻ വിഹിതം കൈപ്പറ്റാത്ത റേഷൻ കാർഡുകൾ റദ്ദാക്കിക്കൊണ്ടുള്ള പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഓഫിസിന്റെ ഉത്തരവ് വലിയ തോതിലുള്ള ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഏറ്റവും കൂടുതൽ ബാധിക്കുന്നത് വെള്ള (മുൻഗണനേതര) കാർഡ് ഗുണഭോക്താക്കളെയാണ്.
മറ്റ് കാർഡുകളിൽ നിന്ന് വ്യത്യസ്തമായി വെള്ള കാർഡൊന്നിന് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ വെറും രണ്ട് കിലോ അരി മാത്രമാണ് പ്രതിമാസ വിഹിതമായി ലഭിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഭൂരിഭാഗം ആളുകളും ഈ ചെറിയ അളവ് അരി വാങ്ങാനായി മാത്രം റേഷൻ കടകളിൽ എത്താറില്ല.
എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്ക് റേഷൻ കാർഡ് നിർണായക തിരിച്ചറിയൽ രേഖയാണ്. റേഷൻ വിഹിതം വാങ്ങാത്തതിന്റെ പേരിൽ കാർഡ് റദ്ദാക്കപ്പെട്ടാൽ മറ്റ് ഔദ്യോഗിക ആവശ്യങ്ങളെ അത് ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
എന്നാൽ പൊതുവിതരണ വകുപ്പിന്റെ പുതിയ ഉത്തരവിൽ ഇക്കാര്യത്തെക്കുറിച്ച് യാതൊരുവിധ വിശദീകരണവും നൽകിയിട്ടില്ല. കഴിഞ്ഞ വിഷു മുതൽ ഓണം വരെയുള്ള കാലയളവിൽ വെള്ളക്കാർഡിന് രണ്ട് കിലോ അരി മാത്രമാണ് അനുവദിച്ചിരുന്നത്.
ഓണക്കാലത്ത് കിലോയ്ക്ക് 26 രൂപ നിരക്കിൽ 10 കിലോ സ്പെഷൽ അരി അനുവദിച്ചെങ്കിലും, അത് മുഴുവൻ ഉടമകൾക്കും ലഭിച്ചില്ലെന്ന് റേഷൻ വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകളെ സൈലന്റ് റേഷൻ കാർഡുകളായി തരംതിരിച്ച് ഡീആക്റ്റിവേറ്റ് ചെയ്യാനാണ് ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് ലഭിച്ചിരിക്കുന്ന കർശന നിർദേശം.
ഇത്തരത്തിൽ നിശ്ചലമാക്കപ്പെടുന്ന കാർഡുകൾക്ക് പിന്നീട് പ്രതിമാസ വിഹിതം ലഭിക്കില്ല. തുടർന്ന് മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും കെവൈസി (KYC) നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാകൂ.
നിശ്ചിത സമയപരിധിക്കുള്ളിൽ കെവൈസി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഡേറ്റാബേസിൽ നിന്നും കാർഡുകൾ പൂർണ്ണമായി ഒഴിവാക്കപ്പെടും. റേഷൻ കാർഡുകളുടെ ദുരുപയോഗവും വ്യാജപ്രവണതകളും തടയുന്നതിന്റെ ഭാഗമായി കർശനമായ ആധാർ അധിഷ്ഠിത ഒത്തുനോക്കൽ പരിശോധനകളും നടപ്പിലാക്കുന്നുണ്ട്.
ഒരാൾ തന്നെ ഒന്നിലധികം കാർഡുകൾ കൈവശം വെയ്ക്കുകയോ ഒന്നിൽ കൂടുതൽ കാർഡുകളിൽ പേരുണ്ടാകുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കും. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.
കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമുള്ള ഈ ഉത്തരവ് തിങ്കളാഴ്ചയാണ് ബന്ധപ്പെട്ട സപ്ലൈ ഓഫിസുകളിൽ എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

