ഇരിട്ടി∙ കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ (പെഡസ്ട്രീൻ ക്രോസിങ്) നിയമ ലംഘനങ്ങൾക്കു എതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്.
വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിച്ച 99 വാഹനങ്ങൾ പിടിയിലായി. നഗര മേഖലയിൽ വൺവേ തെറ്റിച്ചു 7 വാഹനങ്ങളും പിടികൂടി.
ഇരിട്ടി, മട്ടന്നുർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ നികുതി അടയ്ക്കാതെ ഓടിയ 3 സ്റ്റേജ് കാര്യേജ് ബസുകളും 1 വർഷമായി പെർമിറ്റില്ലാതെ ഓടിയ 1 സ്റ്റേജ് കാര്യേജ് ബസും പിടികൂടി.
ലൈസൻസില്ലാതെ വാഹനം ഓടിച്ച 12 കേസുകളും പിടികൂടി. ഇൻഷുറൻസ് ഇല്ലാതെ ഓടിയ വാഹനങ്ങളും പിടിയിലായിട്ടുണ്ട്.
ഓവർലോഡ് കേസുകൾ 5 വാഹനങ്ങൾ കുടുങ്ങി. ഇവരിൽ നിന്നു മാത്രം 1.5 ലക്ഷം രൂപ പിഴ ഈടാക്കി.
സീബ്രാ ലൈൻ ലംഘകർക്കെതിരെ കർശന നടപടി തുടരാനാണു എൻഫോഴ്സ്മെന്റ് സ്ക്വാഡ് തീരുമാനം.
മറ്റു മോട്ടർ വാഹന കേസുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം നിയമ ലംഘകരെ തടഞ്ഞു വച്ചു കയ്യോടെ പിടികൂടി പിഴ അടപ്പിക്കുന്ന രീതി അല്ല, സീബ്ര ലൈൻ കേസിലും വൺവേ തെറ്റിക്കുന്ന കേസിലും ഉള്ളത്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കോടതിക്ക് കൈമാറും.
സ്ഥലത്ത് വച്ച് പിടികൂടില്ല. കോടതിയിൽ നിന്ന് നോട്ടിസ് വരുമ്പോൾ മാത്രം ആണു വാഹനം ഉടമ അറിയുക.
കോടതി നിശ്ചയിക്കുന്ന പിഴ തുകയാണു അടയ്ക്കേണ്ടത്. കോടതി തീർപ്പാക്കുന്ന കാലഘട്ടം വരെ വണ്ടി സംബന്ധിച്ചു കൈമാറ്റം ഉൾപ്പെടെ ഒരു നടപടികളും സാധിക്കില്ല.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന സമയത്ത് കാൽനട
യാത്രക്കാർക്ക് പ്രാധാന്യം നൽകണമെന്നാണ് നിയമം എങ്കിലും വാഹന ഡ്രൈവർമാർ യാതൊരു പരിഗണനയും നൽകുന്നില്ലെന്നു നേരത്തേ മുതൽ പരാതി ഉള്ളതാണ്. അടുത്ത കാലത്ത് ജില്ലയിൽ സീബ്രാ ലൈനിൽ വാഹനം ഇടിച്ചു പരുക്കേറ്റ സംഭവങ്ങളും ശ്രദ്ധയിൽ പെട്ട
സാഹചര്യത്തിലാണ് ശക്തമായ നടപടിക്കു തീരുമാനിച്ചതെന്നു എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു.
ജില്ലയിലെ എല്ലാ പ്രധാന ടൗണുകളിലും പരിശോധന നടത്തും. എംവിഐമാരായ സുനേഷ് പുതിയവീട്ടിൽ, ബിജു, എഎംവിഐ വി.ആർ.ഷനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
രാത്രി എതിരെ വാഹനങ്ങൾ വരുമ്പോൾ ഹെഡ് ലൈറ്റ് ഡിം ചെയ്തു നൽകാതിരിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും തീരുമാനമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

