അയൽവാസിയുടെ വീടിന് കനത്ത സുരക്ഷാ ഭീഷണിയായ പനമരം മുറിച്ചുമാറ്റാനെത്തിയ നഗരസഭാ അധികൃതരുടെയും പൊലീസിന്റെയും ശ്രമം പരാജയപ്പെട്ടു. മരത്തിന്റെ ഉടമ തടസ്സം ഉന്നയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് നടപടികളിലേക്ക് കടക്കാനാകാതെ മടങ്ങേണ്ടി വന്നു.
കരിയാട് പടന്നക്കരയിലെ കിഴക്കയിൽ ദിനചന്ദ്രൻ എന്ന റിട്ടയേർഡ് ഫയർമാന്റെ വീടിന് നേരെയാണ് ഈ ഗുരുതര സുരക്ഷാ പ്രശ്നമുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും ഈ പനമരം ഒടിഞ്ഞുവീണത് ദിനചന്ദ്രന്റെ വീട്ടുമുറ്റത്താണ്.
വലിയൊരു ദുരന്തത്തിൽ നിന്നാണ് വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടത്. 2022 മുതൽ ഈ വിഷയത്തിൽ ദിനചന്ദ്രൻ നഗരസഭാ അധികൃതർക്കും റവന്യൂ വകുപ്പിനും ദുരന്ത നിവാരണ അതോറിറ്റിക്കും നിരന്തരം പരാതികൾ നൽകിയിരുന്നു.
അപകടകരമായ ഈ മരം അടിയന്തരമായി മുറിച്ചുമാറ്റാൻ സബ് കലക്ടർ നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗിക നിർദേശം നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഒടുവിൽ മരം വീട്ടുമുറ്റത്തേക്ക് തന്നെ പതിച്ചതിനെ തുടർന്ന് നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
എന്നാൽ ഉടമയുടെ ഭാഗത്തുനിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് പൊലീസിനും ഉദ്യോഗസ്ഥർക്കും തിരിച്ചുപോകേണ്ടി വന്നു. ഉയർന്ന അധികാരികളുടെ വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിട്ടും അത് നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയാത്ത സാഹചര്യത്തിൽ കടുത്ത ഭയത്തിലാണ് ദിനചന്ദ്രനും കുടുംബവും ഇപ്പോൾ കഴിയുന്നത്.
ഈ അപകടാവസ്ഥയ്ക്ക് അടിയന്തരമായി അറുതി വരുത്തണമെന്നും മരം മുറിച്ചുമാറ്റാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

