കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണത്തിനിടെ സുരക്ഷാ ജീവനക്കാരന് നേരെ അക്രമം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ക്ഷേത്രം കേന്ദ്രീകരിച്ച് മോഷണം നടന്നത്.
സംഭവത്തിൽ ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്, സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ മുറിയിൽ പൂട്ടിയിട്ടാണ് ആക്രമണം തുടങ്ങിയത്.
തുടർന്ന് പിക്കാസുമായി എത്തിയ പ്രതി വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. തുടർന്ന് ചുറ്റമ്പലത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തുവെങ്കിലും പണം ലഭിച്ചില്ല.
പിന്നീട് ക്ഷേത്രനടയിലെ മേശ കുത്തിത്തുറക്കുകയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്ത് പണം കൈക്കലാക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പിൻവശത്തെ ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നതിനിടെ തടസ്സം നീക്കി പുറത്തെത്തിയ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവുമായി മോഷ്ടാവ് ഏറ്റുമുട്ടി.
ഈ സമയം “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ജീവനക്കാരനെ തള്ളിമാറ്റി പ്രതി മതിലിന് മുകളിലൂടെ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും മോഷ്ടാവിന്റേതെന്ന് കരുതുന്ന രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജീവനക്കാരനും മോഷ്ടാവും തമ്മിലുള്ള മൽപ്പിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

