തലശ്ശേരി∙ ഗോപാലപേട്ടയിൽ ബിജെപി – സിപിഎം സംഘർഷം. സിപിഎം നേതാവിനും ബിജെപി ബൂത്ത് പ്രസിഡന്റിനും പരുക്കേറ്റു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റുമായ ഗോപാലപേട്ട ചെറിയപുരയിൽ സി.പി.സുമേഷിനെ (43) തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജെപി ഗോപാലപേട്ട
ബൂത്ത് പ്രസിഡന്റ് സുനേഷ് സുരേഷ്ബാബുവിനെ (39) ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.സുമേഷിന് ഇടതു കൈവിരലിന്റെ എല്ലിനു പൊട്ടലുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.15നാണ് സംഭവം. വീട്ടിലേക്കു പോവുകയായിരുന്ന തന്നെ പിന്തുടർന്നെത്തിയ സുനേഷ് സുരേഷ്ബാബു വീടിന്റെ വരാന്തയിൽവച്ച് ഇരുമ്പുവടികൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നെന്ന് സി.പി.സുമേഷ് പറഞ്ഞു.
പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊലക്കേസിലെ പ്രതിയാണ് സുനേഷ്. തലയ്ക്കുനേരെ വന്ന അടി തടുത്തപ്പോൾ കയ്യിൽ തട്ടിയാണു വിരലിനു പരുക്കേറ്റതെന്നും സുമേഷ് പറഞ്ഞു.
എന്നാൽ നടന്നുപോവുകയായിരുന്ന സുനേഷിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സി.പി.സുമേഷ് ചീത്ത വിളിച്ചെന്നും പിന്നീടു മൂന്നുപേരുമായി ചേർന്ന് ആക്രമിക്കുകയായിരുന്നെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
സി.പി.സുമേഷിനു നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനം നിലവിലുള്ള ഗോപാലപേട്ടയിൽ ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ആർഎസ്എസ് ശ്രമമാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി സി.കെ.രമേശൻ ആവശ്യപ്പെട്ടു. സിപിഎം നേതാക്കളായ കാരായി രാജൻ, എം.സി.പവിത്രൻ, സി.കെ.രമേശൻ തുടങ്ങിയവർ സുമേഷിനെ സന്ദർശിച്ചു. ഗോപാലപേട്ടയിലും പരിസരങ്ങളിലും സംഘർഷം സൃഷ്ടിക്കാൻ സിപിഎം കുറേക്കാലമായി ശ്രമിക്കുകയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

