കണ്ണൂർ∙ ഗതാഗത ക്ലേശവും അപകടഭീഷണിയും പരിഹരിക്കാൻ നിർമാണം പൂർത്തിയാക്കി ഗതാഗതം അനുവദിച്ച ഭാഗങ്ങളിൽ പോലും റോഡ് പൊളിച്ച് അടിപ്പാതയടക്കമുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിനോട് എന്തിനാണ് ഈ അവഗണനയെന്ന് ജില്ലയിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ചോദിക്കുന്നു. കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലോടുന്ന അൻപതോളം ബസുകളുടെ സർവീസ് നിർത്തിവയ്ക്കേണ്ട
സാഹചര്യത്തിൽ റൂട്ട് തന്നെ അപ്രസക്തമാകുമെന്ന അവസ്ഥയുണ്ടായിട്ടും ദേശീയപാത അതോറിറ്റിയും സർക്കാരും കാണിക്കുന്ന നിസ്സംഗത ബോധ്യപ്പെടുത്താൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ഒരിക്കൽ കൂടി മുഖ്യമന്ത്രി, എംപി, എംഎൽഎ, കലക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അധികദൂരം അധികദുരിതം
നടാലിൽ അടിപ്പാതയില്ലെങ്കിൽ കണ്ണൂർ–തോട്ടട–തലശ്ശേരി(പഴയ എൻഎച്ച് 17) വഴി ഓടുന്ന ബസുകൾക്ക് 7 കിലോമീറ്റർ ദൂരം അധികം ഓടേണ്ടിവരും. വന്ന ഭാഗത്തേക്ക് തന്നെ 7 കിലോമീറ്റർ ഓടി തിരികെപ്പോകേണ്ട
അവസ്ഥയിൽ യാത്രക്കാർ തോട്ടട വഴി ഓടുന്ന ബസുകളിൽ കയറില്ല.
രണ്ട് റെയിൽവേ ഗേറ്റുകൾ വഴി മുട്ടിക്കുന്ന റൂട്ടിൽ ഇപ്പോഴേ യാത്രാ ക്ലേശം രൂക്ഷമാണ്. 7 കിലോമീറ്റർ അധികം ഓടേണ്ട
അവസ്ഥ കൂടി വരുമ്പോൾ യാത്രാക്ലേശം ഇരട്ടിയാകും.ദേശീയപാത നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയതുകൊണ്ട് ഇനി അടിപ്പാത നിർമിക്കാൻ കഴിയില്ലെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ആറുവരി പാതയ്ക്ക് വേണ്ടി സ്ഥലത്ത് മണ്ണിട്ട് തുടങ്ങിയപ്പോൾ തന്നെ ബസ് ഉടമസ്ഥസംഘവും നാട്ടുകാരുടെ കർമസമിതിയും ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു.
വിദ്യാലയങ്ങളിലേക്ക് കുട്ടികൾ എങ്ങനെ പോകും
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള റൂട്ടാണ് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ട്. കിഴുത്തള്ളി എസ്എൻ കോളജ്, സെന്റ് ഫ്രാൻസിസ് ഹയർസെക്കൻഡറി സ്കൂൾ, ഗവ.ടെക്നിക്കൽ സ്കൂൾ, ഗവ.ഐടിഐ, വനിതാ ഐടിഐ, പോളിടെക്നിക്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തോട്ടട
ഗവ.ഹയർസെക്കൻഡറി സ്കൂൾ, മുഴപ്പിലങ്ങാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളൊക്കെ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലാണ്. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ഉണ്ടാകുന്ന ഗതാഗത ക്ലേശത്തിന് പരിഹാര നടപടികൾ കാണുന്നില്ലെങ്കിൽ റൂട്ടിലെ ബസുകൾ ഓട്ടം നിർത്തുമെന്നാണ് പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

