കൂത്തുപറമ്പ്∙ കെട്ടിടമൊരുങ്ങി. ഇനി ജീവനക്കാരുടെ നിയമനം നടക്കണം.
ബേസ്മെന്റിൽ രണ്ട് നിലകൾ ഉൾപ്പെടെ 12 നിലകളിലുള്ള കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്പെഷ്യൽറ്റി കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സ്തനാർബുദം കണ്ടെത്താനുള്ള മാമോഗ്രാം സംവിധാനം ഉൾപ്പെടെ മികവാർന്ന സജ്ജീകരണങ്ങളോടെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ഇരിപ്പിടങ്ങളും മറ്റ് അത്യാധുനിക സജ്ജീകരണങ്ങളുമായി ഏറ്റവും മികവാർന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയത്.
ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ലഭ്യമാക്കിയാൽ മാത്രമേ പുതിയ ആശുപത്രി സമുച്ചയം ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താനാകൂ. അധിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള ധനവകുപ്പിന്റെ അനുമതി കാത്തുനിൽക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടന ചടങ്ങിന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ ജീവനക്കാരെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലേക്ക് നിയമിക്കുമെന്നാണ് അവർ വ്യക്തമാക്കിയത്.
പുതിയ ബ്ലോക്കിൽ 171 കിടക്കകളാണുള്ളത്. ഒപി വിഭാഗത്തിൽ നിത്യേന 1500ഓളം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ഈ ആശുപത്രിയിൽ മികവാർന്ന സംവിധാനമൊരുങ്ങുന്നതോടെ ഇതിന്റെ എണ്ണം രണ്ടായിരത്തിനും മുകളിൽ ആകാനാണ് സാധ്യത.
150ഓളം ജീവനക്കാരാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. ഇതിൽ അറുപതോളം പേർ ആശുപത്രി വികസന സമിതി നിയമിച്ച് ശമ്പളം നൽകിയാണ് തുടരുന്നത്.
പുതിയ ആശുപത്രി സമുച്ചയം തുടച്ച് കഴുകി വൃത്തിയാക്കാൻ തന്നെ 25 ലേറെ പേർ ആവശ്യമായി വരും.
നൂറോളം പേരെ എങ്കിലും നിയമിച്ചാൽ മാത്രമേ ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ. 15ാം ധനകാര്യ കമ്മിഷനിൽ നിന്ന് പോളി ഡന്റൽ ക്ലിനിക്കിന് 60 ലക്ഷം രൂപയുടെയും എൽഡെർലി ക്ലിനിക്കിന് 1.02 കോടി രൂപയുടെയും ഡയാലിസിസ് സെന്റർ വിപുലീകരണത്തിന് 49 ലക്ഷം രൂപയുടെയും പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 54 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൂടി പുതിയ ആശുപത്രിയിലേക്ക് വാങ്ങാൻ അനുമതി ആയിട്ടുണ്ട്. 2025 – 26 വർഷത്തിൽ 20 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ കൂടി വാങ്ങാൻ അനുവാദം ലഭിച്ചിട്ടുണ്ട്.
മെച്ചപ്പെട്ട സൗകര്യങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഭംഗിയായി നടക്കുമ്പോഴും ജീവനക്കാരുടെ അപര്യാപ്തതയാണ് ആശുപത്രിയുടെ തുടർ പ്രവർത്തനത്തെ അലട്ടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

