കണ്ണൂർ ∙ ആത്മാർഥ സുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ആശുപത്രിയിലെത്തി. രാവിലെ പതിനൊന്നോടെ ഗെസ്റ്റ് ഹൗസിൽ തന്നെ കാണാനെത്തി സൗഹൃദം പങ്കിട്ടു മടങ്ങിയ കൂട്ടുകാരൻ കീഴ്ത്തള്ളിയിലെ എൻ.എം.രതീന്ദ്രൻ(80) കുഴഞ്ഞുവീണതും വൈകിട്ടോടെ മരിച്ചതും ഇ.പി.ജയരാജന്റെ പുസ്തക പ്രകാശന വേദിയിൽ വച്ചാണ് ഏറെ സങ്കടത്തോടെ മുഖ്യമന്ത്രി അറിഞ്ഞത്.
പിണറായി വിജയൻ കണ്ണൂരിൽ വരുമ്പോഴെല്ലാം രതീന്ദ്രൻ കാണാൻ പോകുന്ന പതിവുണ്ട്. ഇന്നലെയും മുഖ്യമന്ത്രി കണ്ണൂർ ഗെസ്റ്റ് ഹൗസിൽ ഉണ്ടെന്നറിഞ്ഞ രതീന്ദ്രൻ കാണാൻ പോയതായിരുന്നു.
അദ്ദേഹത്തെക്കണ്ട് കുശലം പങ്കിട്ടു.
മുഖ്യമന്ത്രി പുസ്തക പ്രകാശനത്തിനും ആഭ്യന്തര വകുപ്പിന്റെ സെമിനാറിനുമായി പുറപ്പെട്ടപ്പോൾ രതീന്ദ്രൻ നാട്ടിലേക്കു മടങ്ങാനായി ഗെസ്റ്റ് ഹൗസിനു പുറത്തിറങ്ങി. കുറച്ചുദൂരം നടന്നപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ സൈനിക ആശുപത്രിയിലും തുടർന്നു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണു മരണം.
നിശ്ചയിച്ച പരിപാടികൾക്കു ശേഷം മുഖ്യമന്ത്രി ജില്ലാ ആശുപത്രിയിലെത്തി സുഹൃത്തിന് ആദരാഞ്ജലി അർപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
രതീന്ദ്രൻ ചൊവ്വ സ്പിന്നിങ് മില്ലിൽനിന്നു വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
തലശ്ശേരി സ്വദേശിയായ രതീന്ദ്രൻ ചെറുപ്പം മുതലേ പിണറായി വിജയന്റെ കുടുംബസുഹൃത്തായിരുന്നു. ഇരുവരുടെയും വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും എന്തു വിശേഷങ്ങൾ ഉണ്ടാകുമ്പോഴും ഇവരുടെ പരസ്പര സാന്നിധ്യം ഉണ്ടായിരുന്നതായി അടുപ്പമുള്ളവർ ഓർക്കുന്നു.
തോട്ടടയ്ക്കു സമീപം കിഴുത്തള്ളി സാരഥി വീട്ടിലാണു രതീന്ദ്രൻ താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്.
ഭാര്യ: സവിത. മക്കൾ: ഷജിൻ രതീന്ദ്രൻ, ഷഫ്ന ജോഷി, മരുമകൻ: ജോഷി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

