സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക നേതാക്കളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. കീഴാറ്റൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ.പി.പ്രകാശൻ, ആലക്കോട് ഏരിയയിലെ കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
തളിപ്പറമ്പ്, ആലക്കോട് ഏരിയ കമ്മിറ്റികൾ എടുത്ത തീരുമാനത്തിന് ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി യോഗങ്ങൾ അംഗീകാരം നൽകി. പ്രകാശന്റെ വിമർശനം
കീഴാറ്റൂരിലെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കെ.പി.പ്രകാശൻ സാമൂഹിക മാധ്യമത്തിൽ വിവാദ പോസ്റ്റ് പങ്കുവെച്ചത്.
“പഴയ ഒരു പുംഗവൻ എംഎൽഎ റോഡിന് 8 കോടി സംസ്ഥാന ബജറ്റിൽ പാസാക്കിയിട്ടുണ്ടെന്നും പിന്നീടുവന്ന പുംഗവൻ എംഎൽഎ ഒരു പുല്ലും പുളുത്തിയിട്ടില്ലെന്നുമാണ്” അദ്ദേഹം കുറിച്ചത്. കൂടാതെ, അവസാനകാലം മഞ്ഞക്കുറ്റി കുഴിച്ചിട്ടുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കീഴാറ്റൂർ റോഡ് പദ്ധതി പ്രഖ്യാപിച്ചത് അന്നത്തെ എംഎൽഎ ജയിംസ് മാത്യു ആയിരുന്നെങ്കിലും, പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എംഎൽഎ ആയി ചുമതലയേറ്റിട്ടും പദ്ധതിയിൽ അനിശ്ചിതത്വം തുടരുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രകോപനപരമായ പോസ്റ്റിട്ടതിന് മുൻപും ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നു.
നിലവിൽ കെ.വി.അക്ഷയിനെ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായി പുതിയതായി തിരഞ്ഞെടുത്തു. ഷൈജുവിനെതിരായ നടപടി
സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള അതൃപ്തിയാണ് ഷൈജു ഫെയ്സ്ബുക്ക് വഴി പരസ്യമാക്കിയത്.
പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു മുൻപും ശേഷവും പാർട്ടിക്കെതിരെ തുടർച്ചയായി പോസ്റ്റുകൾ ഇട്ടതാണ് നടപടിക്ക് വഴിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും ഇദ്ദേഹം വിട്ടുനിന്നിരുന്നു.
പി.ജയരാജൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും പ്രവർത്തനത്തിനിറങ്ങാൻ ഷൈജു തയാറായില്ലെന്ന് ആരോപണമുണ്ട്. ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ വിശദീകരണം ചോദിച്ചപ്പോഴും താൻ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഇദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

